
പണ്ടുമുതലേ എന്റെ ജീവിതം ഇങ്ങിനെയാണ്. കൈവെള്ളയിലെ രേഖകള്‍പോലെ എനിയ്ക്കറിയാവുന്ന ഈ നഗരവീഥികളിലൂടെ ഭാരം താങ്ങി ദിവസം മുഴുവനും സഞ്ചാരം. ഇവിടുത്തെ വെയിലും മഴയും എനിയ്ക്ക് പരിചിതം. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും തിരക്കിട്ട് ജോലിയ്ക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്കും നടക്കാന്‍ വയ്യാത്ത വയസ്സര്‍ക്കുമൊക്കെയായിട്ടായിരുന്നു ഈ പണി തുടങ്ങിയകാലത്ത് ഓടിയിരുന്നത് എന്നാല്‍ ഇന്നാകട്ടെ പുരാതനമായ എന്തിലോ കയറുന്ന കൌതുകത്തോടെ എന്നില്‍ സവാരിയ്ക്കായി വരുന്ന വിനോദയാത്രക്കാര്‍ക്ക് വേണ്ടിയും.
ചെയ്തജോലിയ്ക്കുള്ള കൂലി കണക്കുപറഞ്ഞുവാങ്ങിയിരുന്ന എന്റെ യജമാനനാകട്ടെ ഒരു രസത്തിനായി സവാരിചെയ്തവര്‍ യാത്രയ്ക്ക് ശേഷം ഒരു വൃദ്ധനെക്കൊണ്ട് ഇത്ര് പണിയെടുപ്പിച്ചല്ലോ എന്ന കുറ്റബോധത്താല്‍ അനുതാപപൂര്‍വം വെച്ചു നീട്ടുന്ന നോട്ടുകള്‍ തലകുനിച്ച് വാങ്ങുന്നു.
ഞങ്ങളെ പിന്നിട്ട് അതിവേഗംഇരമ്പിപായുന്ന യന്ത്രശകടങ്ങളുടെ പരിഹാസം പിന്നെ ശീലമായി.
ഇങ്ങിനെ ദിവസങ്ങള്‍ എത്രകഴിഞ്ഞുവെന്ന് എണ്ണാറില്ല. എനിയ്ക്കും എന്റെ യജമാനനും വയസ്സായി. വെറുതെയിരുന്ന് തുരുമ്പിച്ച് ആക്രികച്ചവടക്കാരനായി കാത്തിരിയ്ക്കുന്നതിലും എത്രഭേദമാണ് ദിവസവും അദ്ധ്വാനിച്ച് പെട്ടെന്നൊരു ദിവസം എല്ലാം നിര്‍ത്തിപോകുന്നത് എന്ന് തോന്നുന്നതുകൊണ്ടുമാത്രം ഇന്നും ജോലിചെയ്യുന്നു. ഓരോ പഴയ ശീലങ്ങള്‍...
ഇനി ഞങ്ങള്‍ സുഹൃത്തുക്കള്‍ ഇന്നത്തെ യാത്രയുടെ വിശേഷങ്ങളും പിന്നെ ഞങ്ങളുടെ പഴയ പ്രതാപകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളും കുറച്ചുനേരം പങ്കുവെയ്ക്കട്ടെ...