Thursday, August 31, 2006

ഒളിച്ചു കളിയുടെ ആശാന്‍!

യെവനാണ്‌ കടല്‍ വ്യാളി. പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ Phycodurus eques എന്നു പറഞ്ഞാലും മതി.
കടലില്‍ പായലുകളുടെ ഒപ്പം കിടന്നാല്‍ ഇതിനെ കണ്ടു പിടിക്കുക അസാധ്യം.
ആസ്തേലിയന്‍ തീരക്കടലില്‍ കാണപ്പെടുന്നു.


സ്ഥലം: അണ്ടര്‍ വാട്ടര്‍ വേള്‍ഡ്‌, സിംഗപ്പൂര്‍.

 Posted by Picasa

Wednesday, August 30, 2006

സുനാമിക്കുട്ടി

സുനാമിയില്‍ നശിച്ച വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്ന പരിപാടിയില്‍ വിയര്‍പ്പിന്റെ പങ്കു കൊടുക്കാന്‍ പോയിരുന്നു എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം. പകല്‍ മുഴുവന്‍ കല്ലു ചുമക്കലും, സിമന്റു കൂട്ടലും. പണ്ടുണ്ടോ പാണന്‍ പോത്തുപൂട്ടീട്ട്‌...എന്റെ അടപ്പു തെറിച്ചു...എന്നാലും ഒരു ചാക്കു സിമന്റു കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന മട്ടില്‍ വൈകുംനേരം വരെ ഉറക്കെ വര്‍ത്തമാനവും പറഞ്ഞ്‌ ലിറ്റര്‍ കണക്കിനു വെള്ളവും കുടിച്ച്‌ കഴിച്ചു കൂട്ടി.

ആകെയുള്ള ആശ്വാസം ഞങ്ങള്‍ പണിതുകൊണ്ടിരുന്ന വീട്ടില്‍ താമസിക്കാന്‍ പോവുന്ന ഈ കുട്ടിയുടെ ചിരിയും വൈകുന്നേരങ്ങളിലെ ചുറ്റുവട്ടത്തുള്ള കുട്ടികളുമൊത്തുള്ള ക്രിക്കറ്റുകളിയും.

വെള്ളം കുടിക്കാന്‍ പഴയ പലകകളും പ്ലാസ്റ്റിക്‌ ഷീറ്റുകളും കൊണ്ടുണ്ടാക്കിയ അവരുടെ കൂരയില്‍ ചെല്ലുമ്പോള്‍, ഈ ചേട്ടന്‌ ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന മട്ടില്‍ കുട്ടി എന്നെ നോക്കി ചിരിക്കുന്നതാണ്‌ താഴെ. മൊബെയില്‍ ഫോണില്‍ എടുത്ത പടം.സ്ഥലം: ബാതാം ദ്വീപ്‌, റിയാവു പ്രവിശ്യ, ഇന്തൊനേഷ്യ.

Posted by Picasa

Saturday, August 26, 2006

വക്കാരിയുടെ നാട്ടില്‍...

ടോക്യോവിലെ ഒരുഗ്രന്‍ കലാരൂപമാണ്‌ ഇത്‌.

കലാകാരന്‍ ഫ്രെഞ്ച്‌ ആര്‍കിടെക്റ്റ്‌ Philippe Starck.
Asahi ബിയറിന്റെ കെട്ടിടത്തിന്റെ മുകളിലാണ്‌ കക്ഷി കാര്യം സാധിച്ചത്‌.
ഇദ്ദേഹത്തിനു മനസ്സില്‍ ഒരു സ്വര്‍ണ ജ്വാല നിര്‍മ്മിക്കണമെന്നാണ്‌ ഉണ്ടായിരുന്നതത്രേ. extra dry ബിയറും, സ്വര്‍ണ്ണജ്വാലയും തമ്മില്‍ ഒരു ബന്ധമൊക്കെയുണ്ട്‌.
എന്നിരുന്നാലും, റ്റോക്യൊവിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇതു സുരേഷ്‌ ഗോപിയുടെ കെട്ടിടമെന്നാണ്‌ അറിയപ്പെടുന്നത്‌.


ആദ്യം പറഞ്ഞതൊര്‍മ്മയില്ലേ.. അനുവാചകന്റെ കണ്ണിലാണ്‌...... Posted by Picasa

Thursday, August 24, 2006

നഗരം നഗരം മഹാസാഗരം.


സന്ധ്യ മയങ്ങുന്നു. ആകാശത്തിന്റെ നീലിമ മുഴുവനായി പോയിട്ടില്ല...
നഗരം ഒരു വേശ്യയെപോലെ രാത്രിയെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി തുടങ്ങി.
വലിയ നഗരങ്ങള്‍ Chronic Sleep Deprivation പിടിച്ച രോഗിയെ പ്പൊലെ ആണ്‌.
ഈ വിചിത്രമായ ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്നുകൊണ്ടു അതിനെ തന്നെ നോക്കികാണുമ്പോള്‍ ഞാന്‍ എനിക്കുതന്നെ അപരിചിതനാകുന്നു...

ഉത്തേജകം ഉള്ളില്‍ ചെന്നതിനു ശേഷം; അതേ ഗെഡി...

ഡാ നീ ഒന്നു പുറത്തേക്കു നോക്ക്യേ... ഭൂമിക്കു മുകളില്‍ ഒരു സ്വണ്ണ അലുക്കുകളുള്ള നീല മുത്തുക്കുടപിടിച്ചപോലെ ഇല്ലേ ?
ഇതിങ്ങനെ നോക്കി ഇരിക്കാന്‍ തോന്നും...


സ്ഥലം: Equinox ബാര്‍ . ഒരു ഹോട്ടെലിന്റെ 70-ാ‍ം നിലയില്‍. സിംഗപ്പൂര്‍ നഗരമധ്യം.

Posted by Picasa

Tuesday, August 22, 2006

ജോലി, മലേഷ്യയിലാണ്‌ !

ഒന്നും ചെയ്യേണ്ടാത്ത ജോലി വളരെ ബുദ്ധിമുട്ടാണ്‌, എപ്പോഴാണ്‌ കഴിയുക എന്നു പറയാന്‍ പറ്റില്ലല്ലോ! പക്ഷെ ഇതില്‍ കിട്ടുന്ന ആത്മസംതൃപ്തി അപാരം...
  Posted by Picasa

Friday, August 18, 2006

എന്റെ ഓര്‍മ്മയില്‍ പൂത്തുനിന്നൊരു....

നാട്ടിലെ, അമ്മയുടെ പൂന്തോട്ടത്തിലെ ഒരു പൂവാണു താഴെ. ഒരു ആദ്യദര്‍ശനാനുരാഗം. ഇതിന്റെ ഒരു പ്രസരിപ്പും നോട്ടവും ഒക്കെ എനിക്കങ്ങു ബോധിച്ചു. നേരില്‍ കാണാന്‍ ഇതിലും വളരെ സുന്ദരി...

  Posted by Picasa

Thursday, August 17, 2006

കന്നികൈ....

"ഉണ്ണി കിണറ്റില്‍ വീണു! അകത്തുള്ളാള്‍ക്കു പ്രസവ വേദന! ഇല്ലത്തിനാച്ചാല്‍ തീയും പിടിച്ചുത്രേ! കേശവാ ആ ചെല്ലം ഒന്നിങ്കട്‌ എടുക്ക്വാ, ഞാനൊന്നു മുറുക്കട്ടെ" എന്നു എതൊ ഒരു സരസന്‍ നമ്പൂരി പറഞ്ഞ കണ്ടീഷനിലാണ്‌ ഞാനിപ്പൊ.

തല കുത്തി നിന്നാല്‍ തീരാത്തത്ര ജോലി ഓഫീസില്‍ - വൈകിയെ വീട്ടിലെത്തൂ, പാര്‍ട്ട്‌ ടൈം പഠിക്കാനുള്ളതിന്റെ അസ്സൈന്മേന്റ്‌ ഡ്യൂ ആയി, ഞാന്‍ താമസിക്കുന്ന വീടു വൃത്തിയാക്കാന്‍ അയല്‍പക്കത്തുകാര്‍ എപ്പൊ വേണമെങ്കിലും പറയാം... എന്നല്‍ ഇനി ഇപ്പൊ ഒരു ബ്ലൊഗു അങ്ങു തുടങ്ങിയാലെന്താ?

തിരിച്ചറിവില്ലാത്ത കുട്ടി ഒന്നുമല്ലല്ലോ, അറിയാത പിള്ള ചൊറിയുമ്പൊ അറിയട്ടെ...

ഇതിലിപ്പൊ ഞാന്‍ എന്താ ചെയ്യാന്‍പോണേന്നു വല്ല്യ പിടി ഒന്നും ആയിട്ടില്ല. എന്തെങ്കിലും ഒന്നു തോന്നിയാല്‍ പിന്നെ അതങ്ങു ചെയ്യണം എന്നേ ഉള്ളൂ. ഏനിക്കും ഒന്നു ബ്ലോഗണം എന്നു തോന്നി, കേറി ബ്ലോഗി. എടുത്തോ-തൊടുത്തോ-ഉന്നം പിടിച്ചോ എന്ന ക്രമത്തിലാണു കാര്യങ്ങള്‍ പൊതുവേ...

തല്‍ക്കാലം കുറേ പടങ്ങള്‍ കൊണ്ടു നിറക്കാം എന്നു കരുതുന്നു. ഒരു പടത്തിനു ആയിരം വാക്ക്‌ എന്നാണല്ലോ അന്താരാഷ്ട്ര വിനിമയനിരക്ക്‌. പറ്റിയ പടമൊന്നും ഒത്തു വന്നില്ലെങ്കില്‍ കൊറേ വാക്കുകള്‍ താങ്ങും.

:: മുന്‍ കൂര്‍ ജാമ്യം :: വായിക്കുന്ന/കാണുന്ന വര്‍ ഇന്നതു തന്നെ മനസ്സിലാക്കണം എന്നു യാതൊരു കടുമ്പിടുത്തവും നമുക്കില്ല. അനുവാചകന്റെ കണ്ണിലാണ്‌ അര്‍ഥം കിടക്കുന്നത്‌.

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP