ഒരു ഈജിപ്റ്റ് യാത്രയുടെ ഓര്‍മ്മയ്ക്ക്.
ഈജിപ്റ്റ് എന്നാല്‍ നമുക്ക് മനസ്സിലേയ്ക്ക് ആദ്യമെത്തുക ഫറോവമാരുടെയും പിരമിഡിന്റേയും മറ്റും ചിത്രങ്ങളാണ്. എന്നാല്‍ ആ പിരമിഡുകള്‍ക്കും ഫറോവമാര്‍ക്കും - പൊതുവേ വടക്കുകിഴക്കേ ആഫ്രികയിലെ ജനവാസത്തിനും അവരുടെ ഒരുപിടി സംസ്കാരങ്ങള്‍ക്കും പൊട്ടിമുളയ്ക്കാനാവശ്യമായ വെള്ളവും എക്കല്‍മണ്ണും നല്‍കിയ, ഇന്നും നിലനില്‍പ്പിനായി അവയെല്ലാം നല്‍കിക്കൊണ്ടിരിയ്ക്കുന്ന നൈല്‍ നദിയുടെ ചിത്രങ്ങള്‍ കൊണ്ടാവട്ടേ ഈ ഓര്‍മ്മകുറിപ്പുകളുടെ തുടക്കം.
തെക്ക് ബുറുണ്ടിയിലും ഉഗാണ്ടയിലും കെനിയയിലുമായി പരന്നുകിടക്കുന്ന ചെയ്യുന്ന വിക്ടോറിയാതടാകത്തില്‍ നിന്നുല്‍ഭവിയ്ക്കുന്ന വെള്ള നൈലും എതിയോപിയയില്‍നിന്നുല്‍ഭവിയ്ക്കുന്ന നീല നൈലും സുഡാന്‍ന്റെ തലസ്ഥാനമായ ഖാര്‍തൂമില്‍ സന്ധിയ്ക്കുന്നു. അവിടെ നിന്ന് ഒരുമിച്ചൊഴുകി ഈജിപ്റ്റില്‍ അസ്‌വാന്‍, കെയ്‌റോ എന്നീ നഗരങ്ങളിലൂടെ വടക്കേയറ്റമായ അലക്സാണ്ഡ്രിയയിലെത്തി മെഡിറ്ററേനിയന്‍ കടലില്‍ ചേരുന്നു. പോകുന്നവഴികളിലുള്ളവര്‍ക്ക് ജീവജലവും ചിലപ്പോഴൊക്കെ പ്രളയവും സമ്മാനിയ്ക്കുന്നു.
നൈലോരം: നദിയുടെ ഇരുകരകളിലുമായി കുറച്ചു ദൂരം മാത്രമേ പച്ചപ്പ് കാണുവാന്‍ കഴിയൂ. പുറകില്‍ ഉയര്‍ന്നു കാണുന്ന കുന്ന് നൈലില്‍നിന്നകലെയുള്ള ഊഷരഭൂമിയുടെ പ്രതീകം
മെംഫിസ് എന്ന ചെറുപട്ടണത്തില്‍ യാത്രക്കാര്‍ക്കായി കാത്തുകിടക്കുന്ന ക്രൂസ് ഷിപ്പുകളും ഫലൂക്ക എന്ന പായ്‌വഞ്ചികളും (ഫലൂക്കയെക്കുറിച്ച് മറ്റൊരുപോസ്റ്റില്‍)
ചെറുതോണിയില്‍ മീന്‍പിടിയ്ക്കുന്ന നാട്ടുകാര്‍, പുറകിലായി കരിമ്പുപാടം.