Friday, April 20, 2007

പിരമിഡുകള്‍ | ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌-2

ഗിസായിലെ പിരമിഡ് . യേശുവിന് 2750 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖുഫു് എന്ന ഫറൊവ പണിയിച്ച സ്വന്തം ശവകുടിരം. ഏറ്റവുമധികകാലം ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വാസ്തുശില്‍പ്പമായി നിലകൊണ്ടു.

ഇപ്പോളും ഭീമാകാരന്മാരുടെ കാരണവരായി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളില്‍ അവശേഷിയ്ക്കുന്ന ഒന്നേയൊന്ന്.
പുരാതന ഈജിപ്ഷ്യന്മാര്‍ ജീവിയ്ക്കുമ്പോള്‍ തന്നെ തന്റെ മരണാ‍നന്തര ജീവിതത്തിനുള്ളതെല്ലാം സ്വരുക്കൂട്ടിയിരുന്നു. അവരുടെ വിശ്വാസത്തില്‍ ഭൂമിയിലെ ജീവിതം ക്ഷണികവും മരണാനന്തരമുള്ള ജീവിതം
അനശ്വരവുമായിരുന്നു.
ഒരു സമീപ ദൃശ്യം. പിരമിഡിന്റെ നടുവിലായി കാണുന്നത് ഉള്ളറകളിലേയ്ക്കുള്ള കവാടം


മൂന്നു പിരമിഡുകളുമുള്ള ഈ വിദൂര ദൃശ്യം കാണുവാനായി ഏതാനും കിലോമിറ്ററുകള്‍ ഗാസാ പീഠഭൂമിയിലൂടെ സഞ്ചരിയ്ക്കണം. പിരമിഡുകള്‍ക്കു പിന്നിലായി കൈറൊ നഗരം.ദീര്‍ഘ ചതുരാകൃതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും കരിങ്കല്ലുകളുമാണ് ഈ പിരമിഡുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിയ്ക്കുന്നത്. എണ്‍പത് ടണ്ണോളം വരുന്ന കരിങ്കല്ലുകള്‍ വരെ‍ ഈ കൂട്ടത്തിലുണ്ട്.
നൈല്‍ തെക്കു നിന്ന് വടക്കോട്ടൊഴുകുന്നതിനാല്‍ ഈജിപ്റ്റിന്റെ തെക്കുഭാഗത്തിന് അപ്പര്‍ ഈജിപ്റ്റ് എന്നും വടക്കുഭാഗത്തിന് ലോവര്‍‌ ഈജിപ്റ്റ് എന്നും പറയും. (ഭൂപടത്തില്‍ നോക്കുമ്പോള്‍ ഇത് ആശയക്കുഴപ്പത്തിന്
കാരണമായേക്കാം.) പിരമിഡ് നിര്‍മ്മാണത്തിനുള്ള കരിങ്കല്ലുകള്‍, അപ്പര്‍ ഈജിപ്റ്റില്‍ - കൈറൊയില്‍ നിന്ന് 800 കി.മീ അകലെയുള്ള - അസ്‌വാനില്‍നിന്നാനത്രേ കൊണ്ടുവന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകള്‍ കൊണ്ടുവന്നത് ഏതായാലും പതിനാറു ചക്രമുള്ള പാണ്ടിലോറിയിലാവില്ല, അതിന് ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരുന്നിരിയ്ക്കണം സഹായിച്ചത്.


സ്ഫിങ്ക്സ് . പണ്ട് ചരിത്രപാഠപുസ്തകത്തില്‍ കണ്ടു പരിചയിച്ച മുഖം. ഒറ്റക്കല്ലില്‍ തീര്‍ത്ത മനുഷ്യമുഖവും സിംഹത്തിന്റെ ഉടലുമുള്ള ഈ രൂപത്തിന് സ്ഫിങ്ക്സ് എന്ന പേരു കിട്ടിയത് ഗ്രീക്കില്‍ നിന്നാണ്. ഇതിന്റെ പുരാതന ഈജിപ്ഷ്യന്‍ പേര് ആര്‍ക്കുമറിയില്ല. 'ഖുഫ്'ന്റേയും അദ്ദേഹത്തിന്റെ പിന്‍‌ഗാമിയായ 'കഫ്ര'യുടെയും പിന്നീട് വന്ന 'മെന്‍‌കൗറെ'യുടേയും പിരമിഡുകളും അവരുടെയൊക്കെ രാജ്ഞിമാരുടെ കൊച്ചു പിരമിഡുകളും പിന്നെ രാജാവിനു മരണാനന്തരം ഭരണം നടത്താന്‍ പരലോകത്തേയ്ക്ക് കൂടെകൊണ്ടുപോയെക്കാം എന്നു തോന്നിയ പണ്ഡിതന്മാരുടേയും പരിചാരകരുടെയും കല്ലറകളും മൃതദേഹത്തിനെ മമ്മിയാക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ക്കായി തീര്‍ത്ത പല മണ്ഡപങ്ങളും മറ്റുമടങ്ങിയ ക്ഷേത്രസമുച്ചയത്തിന്റെ ഒരു അറ്റത്ത് കഫ്രയുടെ പിരമിഡിനു് നേരെയായി മൂക്കുപോയെങ്കിലും മുഖമുയര്‍ത്തി സ്ഫിങ്ക്സ് നില്‍ക്കുന്നു.
ഈജിപ്റ്റ് ഗവര്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ ഈജിപ്റ്റോളജിസ്റ്റുകളും മറ്റുവിദഗ്ധരുമടങ്ങിയ
ഒരു ക്ഷേത്രപുനരുദ്ധാരണകമ്മിറ്റി അനവരതം ഇതിന്റെ സം‌രക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

9 comments:

പുള്ളി April 20, 2007 10:36 PM  

ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌-2
പിരമിഡുകളും സ്ഫിങ്ക്സും....

Pramod.KM April 20, 2007 11:11 PM  

നല്ല ഫോട്ടം.
മമ്മിയെവിടെ?കാണുന്നില്ലല്ലോ?

Dinkan-ഡിങ്കന്‍ April 21, 2007 2:13 AM  

നല്ല പടങ്ങള്.
അടുത്ത തവണ ഡിങ്കന്റെ പഴേ ചങ്ങായി “തൂത്താമന്റെ” മമ്മീടേ പടം ഇടോ? മമ്മിടെ പടം ഇല്ലെങ്കില് ഡാഡീടെ ആയാലും മതി.

SAJAN | സാജന്‍ April 21, 2007 4:05 AM  

പടങ്ങളും ഇന്‍ഫോര്‍മേഷനും ഒക്കെ
നന്നായിട്ടുണ്ട്..:)

ഉത്സവം : Ulsavam April 21, 2007 6:57 AM  

പുള്ളീ കൊള്ളാം,
പിരമിഡൊക്കെ അവിടെപ്പോയി നേരില്‍ കാണണമെന്നുണ്ട്.എന്ന് നടക്കുമോ എന്തോ...കുറച്ച് നാള്‍ മുന്‍പ് ഗിസ പിരമിഡിനെക്കുറിച്ച് ബിബിസിയുടെ ഒരു ഡൊക്യുമെന്ററി കണ്ടിരുന്നു, അതൊരു സംഭവം തന്നെ!

സു | Su April 21, 2007 10:39 AM  

ആല്‍ക്കെമിസ്റ്റില്‍, പിരമിഡിന്റെ പിന്നാലെ ഞാനും ഓടി കുറേ.

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. യാത്രാവിവരണം എഴുതൂ.

പടിപ്പുര April 21, 2007 10:53 AM  

പിരമിഡുകള്‍ എന്നും ഒരത്ഭുതം തന്നെ.

(നല്ല ചിത്രങ്ങളും വിവരണവും)

അലിഫ് /alif April 21, 2007 11:51 AM  

നേരില്‍ പോയി കാണാന്‍ ആഗ്രഹിക്കുന്ന ചിലയിടങ്ങള്‍ ഇങ്ങനെ ചിത്രങ്ങളിലൂടെ കാണുമ്പോള്‍ ആഗ്രഹത്തിന്‍റെ തോത് പിന്നേം കൂടുന്നു..(അസൂയയും കുറച്ചുണ്ടേ, എന്‍റെ നമ്പര്‍ എപ്പോ വരും..?!!) ഇനിയും തുടരുമല്ലോ..
-ആശംസകള്‍

പുള്ളി April 21, 2007 5:44 PM  

ldപ്രമോദ്, മമ്മിമാരൊക്കെ മ്യൂസിയങ്ങളിലേയ്ക്ക് താമസം മാറ്റി. (ഒന്നു രണ്ടുപേര്‍ ഹോളീവുഡിലേക്കും:)

ഡിങ്കാ ‘തൂത്താമന്‍’ എന്നു കേട്ടപ്പോള്‍ വകേലൊരു അമ്മവനാണെന്നു കരുതി :) തുത്-ആംഖ്-അമുന്‍ ഇത്രേം ചേര്‍ന്ന തുതന്‍‌ഖാമുന്‍ എന്നാണ് അദ്ദേഹത്തിന്റെ ശരിയ്ക്കു പേരത്രേ. ഗിസായിലേയും മറ്റു പിരമിഡുകളിലേയും വസ്തുവകകളെല്ലാം പണ്ടു പണ്ടേ കൊള്ളയടിയ്ക്കപ്പെട്ടു. അടുത്തയിടയ്ക്ക് കണ്ടെത്തിയതിനാല്‍ തുതന്‍‌ഖാമുന്റ്റെ ശേഷിപ്പുകളെല്ലാം സംരക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ മമ്മിയും മറ്റും കൈറൊയിലെ മ്യൂസിയത്തിലാണുള്ളത്. പലയിടത്തും ഫോട്ടോഗ്രഫി അനുവദിച്ചിട്ടില്ല!

സാജാ നന്ദി.

ഉത്സവമേ...ചുമ്മാ പോയിവാന്നേയ്. വേറെയൊന്നുമാലോചിക്കതെ അങു ശ്രമിച്ചാല്‍ തന്നേ ഇതൊക്കൊ നടപ്പില്‍ വരൂ. നാട്ടില്‍ ചിലവാക്കേണ്ട ലീവ് വെട്ടിക്കുറച്ചിട്ടാണ് ഈ പോക്കുണ്ടായത്.

സൂ എഴുതാനുള്ള മടികൊണ്ടല്ലേ ചിത്രങള്‍ പോസ്റ്റുന്നത്‌:) നന്ദി.

പടിപ്പുര, നന്ദി

അലിഫ്, ഉത്സവത്തിനോട് പറഞ്ഞത് ആവര്‍ത്തിയ്ക്കുന്നു. നന്ദി.

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP