Tuesday, April 24, 2007

ക്ഷേത്രങ്ങള്‍ | ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌- 3

ഫറോവമാരെല്ലാം പുരുഷന്മാരണെന്നു കരുതല്ലേ... ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യ സ്ത്രീ ഭരണാധികാരി, അപ്പര്‍/ലോവര്‍ ഈജിപ്റ്റുകളെ ഒരു സാമ്രാജ്യത്തിന്‍ കീഴില്‍ ഭരിയ്ക്കാന്‍ കഴിവുണ്ടായിരുന്ന രണ്ടേരണ്ടു സ്ത്രീകളില്‍ ആദ്യത്തെയാള്‍, ഫറോവമാര്‍ക്കവശ്യം വേണ്ട താടിയും വശങ്ങളിലേയ്ക്കിറങ്ങിക്കിടക്കുന്നചുരുള്‍മുടിമില്ലാതിരുന്നിട്ടും വെപ്പു താടിയും മുടിയും വെച്ച്‌ പടം വരപ്പിച്ച് പ്രജകള്‍ക്കിടയില്‍ പ്രചരിപ്പിച്ചവള്‍, തന്റെ മകളെ അനന്തരാവകാശിയായി അതേ രീതിയില്‍ വളര്‍ത്തിയെടുത്തവള്‍ - അവള്‍, ഹാറ്റ്ഷിപ്സുട്! ബുദ്ധിമുട്ടണ്ട ഹാറ്റ്-ഷിപ്പ്-സ്യൂട് ഇത്രേം ഒരുമിച്ച് പറഞ്ഞാലും മതി. തുത്‌മോസ് രണ്ടാമന്റെ ഭാര്യയായിരുന്നു അവര്‍. ഭര്‍ത്താവിന്റെ കാലശേഷം ഭാര്യ ഭരിച്ചാല്‍ ആര്‍ക്കെങ്കിലും പുളിക്കുമോ എന്നു ചോദിച്ചുകൊണ്ടാണത്രേ ഹാറ്റ്ഷിപ്സുട് സ്വന്തം പേരില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്
ഹാറ്റ്ഷിപ്സുട്ന് പിരമിഡുകളോട് കമ്പം ലേശം കുറവായിരുന്നു. അതുകൊണ്ട് അവര്‍ അന്ത്യവിശ്രമത്തിനായി പറ്റിയ ഒരു മല കണ്ടു പിടിച്ച് അത് തുരന്ന് ഒരു ക്ഷേത്രം തന്നെ നിര്‍മ്മിച്ചു. ദ്‌ ടെം‌പിള്‍ ഒഫ് ഹാറ്റ്ഷിപ്സുട്.

ശില്‍പ്പമോ ചിത്രമോ ദൈവങ്ങളുടെയാണോ അതോ മരിച്ചുപോയ മനുഷ്യരുടെയാണൊ എന്നറിയാന്‍... മരിച്ചവരുടെ കയ്യുകള്‍ മാറൊടുചേര്‍ത്ത് പിണച്ചു വെച്ചിരിയ്ക്കും, താടിരോമം മുന്‍പിലേയ്ക്ക് വളഞ്ഞിരിയ്ക്കും, കാലുകള്‍ പൊതിഞ്ഞുകെട്ടിയ നിലയിലായിരിയ്ക്കും എന്നാല്‍ ദൈവങ്ങളുടെ കൈയ്യുകള്‍ സ്വതന്ത്രവും ഒരു കൈയില്‍ ‘ആംഖ്’ എന്നു പറയപ്പെടുന്ന ജീവന്റെ താക്കോലും ഉണ്ടായിരിയ്ക്കും.(ഡാവിഞ്ചി കോഡില്‍ കുരിശിന്റെ ഉല്‍പ്പത്തിയില്‍ പറഞ്ഞിരിയ്ക്കുന്ന ആ സാധനം ആണ് ഇത്)

********

ക്ഷേത്രങ്ങളേയും സമുച്ചയങ്ങളേയും പറ്റി പറയുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കാര്‍നാക് ക്ഷേത്രസമുച്ചയം. മുപ്പതു തലമുറകളിലായുള്ള ഫറൊവമാര്‍ ഇതിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ ക്ഷേത്രം അതിന്റെ വലിപ്പത്തിലും സങ്കീര്‍ണ്ണതയിലും വൈവിധ്യത്തിലും മറ്റുള്ളവയെ അപേക്ഷിച്ച് ഏറെ മുന്നില്‍ നില്‍ക്കുന്നു. അതിപുരാതന ആരാധനാലയങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലുത്. ഇതില്‍ കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളികേതു പോലെ പുരോഹിതന്മാര്‍ക്കു മാത്രം പ്രാപ്യമായ ഒരു ഗര്‍ഭഗൃഹവും രാജരക്തമുള്ളവര്‍ക്കും പ്രമുഖര്‍ക്കും മാത്രം കടന്നു പോകാവുന്ന ചില വഴികളും പിന്നെ സാധാരണക്കാര്‍ക്കായി ‘വേണേ തൊഴുത് പോഡേയ്‘ എന്ന് ഹീറൊഗ്ലിഫിക്സില്‍ എഴുതിവെച്ചിട്ടുള്ള ഒരു വഴിയും ഉണ്ടായിരുന്നു.നടുമുറ്റം. തൂണുകളുടെ മുകള്‍ഭാഗം അപ്പര്‍ ഈജിപ്റ്റിന്റെയും ദേവത ‘നെഫ‌ര്‍തെം’ന്റേയും അടയാളമായ നീലത്താമരയുടെ ആകൃതിയില്‍. നൂറ്റാണ്ടുകളായി വെയിലും മഴയുമേറ്റ് തൂണുകളിലെ നിറമെല്ലാം പോയിരിക്കുന്നു.


കാര്‍നാക് ക്ഷേത്രത്തേയും ലക്സര്‍ ക്ഷേത്രത്തേയും ബന്ധിപ്പിയ്ക്കുന്ന സ്ഫിക്ങ്ക്സ്കളുടെ ഇടനാഴി .


ചുവരുകള്‍ക്കുമുണ്ട് കഥപറയാന്‍...ഒരു രാത്രി ദൃശ്യം


റൊമില്‍ നിന്ന് ആട്ടിപ്പയിക്കപ്പെട്ട കൃസ്തുവിന്റെ അനുയായികള്‍ക്ക് ആ കാലത്തുള്ള ഒരു ഫറൊവ കാര്‍നാകില്‍ അഭയം കൊടുത്തു. അവര്‍ കാര്‍നാക് സമുച്ചയത്തിലെ ഫിലെയുടെ ക്ഷേത്രത്തിലെ ഒരു തൂണില്‍ കൊത്തിവെച്ച കുരിശ്. ഈജിപ്റ്റിലും ഗ്രീസിലും കാണുന്ന കോപ്റ്റിക് കൃസ്താനികള്‍ക്ക് ഇപ്പോളും ഇതു തന്നെ കുരിശ്...

Friday, April 20, 2007

പിരമിഡുകള്‍ | ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌-2

ഗിസായിലെ പിരമിഡ് . യേശുവിന് 2750 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖുഫു് എന്ന ഫറൊവ പണിയിച്ച സ്വന്തം ശവകുടിരം. ഏറ്റവുമധികകാലം ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വാസ്തുശില്‍പ്പമായി നിലകൊണ്ടു.

ഇപ്പോളും ഭീമാകാരന്മാരുടെ കാരണവരായി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളില്‍ അവശേഷിയ്ക്കുന്ന ഒന്നേയൊന്ന്.
പുരാതന ഈജിപ്ഷ്യന്മാര്‍ ജീവിയ്ക്കുമ്പോള്‍ തന്നെ തന്റെ മരണാ‍നന്തര ജീവിതത്തിനുള്ളതെല്ലാം സ്വരുക്കൂട്ടിയിരുന്നു. അവരുടെ വിശ്വാസത്തില്‍ ഭൂമിയിലെ ജീവിതം ക്ഷണികവും മരണാനന്തരമുള്ള ജീവിതം
അനശ്വരവുമായിരുന്നു.
ഒരു സമീപ ദൃശ്യം. പിരമിഡിന്റെ നടുവിലായി കാണുന്നത് ഉള്ളറകളിലേയ്ക്കുള്ള കവാടം


മൂന്നു പിരമിഡുകളുമുള്ള ഈ വിദൂര ദൃശ്യം കാണുവാനായി ഏതാനും കിലോമിറ്ററുകള്‍ ഗാസാ പീഠഭൂമിയിലൂടെ സഞ്ചരിയ്ക്കണം. പിരമിഡുകള്‍ക്കു പിന്നിലായി കൈറൊ നഗരം.ദീര്‍ഘ ചതുരാകൃതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും കരിങ്കല്ലുകളുമാണ് ഈ പിരമിഡുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിയ്ക്കുന്നത്. എണ്‍പത് ടണ്ണോളം വരുന്ന കരിങ്കല്ലുകള്‍ വരെ‍ ഈ കൂട്ടത്തിലുണ്ട്.
നൈല്‍ തെക്കു നിന്ന് വടക്കോട്ടൊഴുകുന്നതിനാല്‍ ഈജിപ്റ്റിന്റെ തെക്കുഭാഗത്തിന് അപ്പര്‍ ഈജിപ്റ്റ് എന്നും വടക്കുഭാഗത്തിന് ലോവര്‍‌ ഈജിപ്റ്റ് എന്നും പറയും. (ഭൂപടത്തില്‍ നോക്കുമ്പോള്‍ ഇത് ആശയക്കുഴപ്പത്തിന്
കാരണമായേക്കാം.) പിരമിഡ് നിര്‍മ്മാണത്തിനുള്ള കരിങ്കല്ലുകള്‍, അപ്പര്‍ ഈജിപ്റ്റില്‍ - കൈറൊയില്‍ നിന്ന് 800 കി.മീ അകലെയുള്ള - അസ്‌വാനില്‍നിന്നാനത്രേ കൊണ്ടുവന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകള്‍ കൊണ്ടുവന്നത് ഏതായാലും പതിനാറു ചക്രമുള്ള പാണ്ടിലോറിയിലാവില്ല, അതിന് ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരുന്നിരിയ്ക്കണം സഹായിച്ചത്.


സ്ഫിങ്ക്സ് . പണ്ട് ചരിത്രപാഠപുസ്തകത്തില്‍ കണ്ടു പരിചയിച്ച മുഖം. ഒറ്റക്കല്ലില്‍ തീര്‍ത്ത മനുഷ്യമുഖവും സിംഹത്തിന്റെ ഉടലുമുള്ള ഈ രൂപത്തിന് സ്ഫിങ്ക്സ് എന്ന പേരു കിട്ടിയത് ഗ്രീക്കില്‍ നിന്നാണ്. ഇതിന്റെ പുരാതന ഈജിപ്ഷ്യന്‍ പേര് ആര്‍ക്കുമറിയില്ല. 'ഖുഫ്'ന്റേയും അദ്ദേഹത്തിന്റെ പിന്‍‌ഗാമിയായ 'കഫ്ര'യുടെയും പിന്നീട് വന്ന 'മെന്‍‌കൗറെ'യുടേയും പിരമിഡുകളും അവരുടെയൊക്കെ രാജ്ഞിമാരുടെ കൊച്ചു പിരമിഡുകളും പിന്നെ രാജാവിനു മരണാനന്തരം ഭരണം നടത്താന്‍ പരലോകത്തേയ്ക്ക് കൂടെകൊണ്ടുപോയെക്കാം എന്നു തോന്നിയ പണ്ഡിതന്മാരുടേയും പരിചാരകരുടെയും കല്ലറകളും മൃതദേഹത്തിനെ മമ്മിയാക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ക്കായി തീര്‍ത്ത പല മണ്ഡപങ്ങളും മറ്റുമടങ്ങിയ ക്ഷേത്രസമുച്ചയത്തിന്റെ ഒരു അറ്റത്ത് കഫ്രയുടെ പിരമിഡിനു് നേരെയായി മൂക്കുപോയെങ്കിലും മുഖമുയര്‍ത്തി സ്ഫിങ്ക്സ് നില്‍ക്കുന്നു.
ഈജിപ്റ്റ് ഗവര്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ ഈജിപ്റ്റോളജിസ്റ്റുകളും മറ്റുവിദഗ്ധരുമടങ്ങിയ
ഒരു ക്ഷേത്രപുനരുദ്ധാരണകമ്മിറ്റി അനവരതം ഇതിന്റെ സം‌രക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

Saturday, April 07, 2007

ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌.

ഈജിപ്റ്റ്‌ എന്നാല്‍ നമുക്ക്‌ മനസ്സിലേയ്ക്ക് ആദ്യമെത്തുക ഫറോവമാരുടെയും പിരമിഡിന്റേയും മറ്റും ചിത്രങ്ങളാണ്‌. എന്നാല്‍ ആ പിരമിഡുകള്‍ക്കും ഫറോവമാര്‍ക്കും - പൊതുവേ വടക്കുകിഴക്കേ ആഫ്രികയിലെ ജനവാസത്തിനും അവരുടെ ഒരുപിടി സംസ്കാരങ്ങള്‍ക്കും പൊട്ടിമുളയ്ക്കാനാവശ്യമായ വെള്ളവും എക്കല്‍മണ്ണും നല്‍കിയ, ഇന്നും നിലനില്‍പ്പിനായി അവയെല്ലാം നല്‍കിക്കൊണ്ടിരിയ്ക്കുന്ന നൈല്‍ നദിയുടെ ചിത്രങ്ങള്‍ കൊണ്ടാവട്ടേ ഈ ഓര്‍മ്മകുറിപ്പുകളുടെ തുടക്കം.
തെക്ക്‌ ബുറുണ്ടിയിലും ഉഗാണ്ടയിലും കെനിയയിലുമായി പരന്നുകിടക്കുന്ന ചെയ്യുന്ന വിക്ടോറിയാതടാകത്തില്‍ നിന്നുല്‍‍ഭവിയ്ക്കുന്ന വെള്ള നൈലും എതിയോപിയയില്‍നിന്നുല്‍ഭവിയ്ക്കുന്ന നീല നൈലും സുഡാന്‍ന്റെ തലസ്ഥാനമായ ഖാര്‍തൂമില്‍ സന്ധിയ്ക്കുന്നു. അവിടെ നിന്ന് ഒരുമിച്ചൊഴുകി ഈജിപ്റ്റില്‍ അസ്‌വാന്‍, കെയ്‌റോ എന്നീ നഗരങ്ങളിലൂടെ വടക്കേയറ്റമായ അലക്സാണ്ഡ്രിയയിലെത്തി മെഡിറ്ററേനിയന്‍ കടലില്‍ ചേരുന്നു. പോകുന്നവഴികളിലുള്ളവര്‍ക്ക്‌ ജീവജലവും ചിലപ്പോഴൊക്കെ പ്രളയവും സമ്മാനിയ്ക്കുന്നു.


നൈലോരം: നദിയുടെ ഇരുകരകളിലുമായി കുറച്ചു ദൂരം മാത്രമേ പച്ചപ്പ്‌ കാണുവാന്‍ കഴിയൂ. പുറകില്‍ ഉയര്‍ന്നു കാണുന്ന കുന്ന് നൈലില്‍നിന്നകലെയുള്ള ഊഷരഭൂമിയുടെ പ്രതീകംമെംഫിസ്‌ എന്ന ചെറുപട്ടണത്തില്‍ യാത്രക്കാര്‍ക്കായി കാത്തുകിടക്കുന്ന ക്രൂസ്‌ ഷിപ്പുകളും ഫലൂക്ക എന്ന പായ്‌വഞ്ചികളും (ഫലൂക്കയെക്കുറിച്ച്‌ മറ്റൊരുപോസ്റ്റില്‍)


ചെറുതോണിയില്‍ മീന്‍പിടിയ്ക്കുന്ന നാട്ടുകാര്‍, പുറകിലായി കരിമ്പുപാടം.ഈത്തപ്പനകള്‍ക്കു പകരം തെങ്ങായിരുന്നെങ്കില്‍ നമുക്കു വളരെ പരിചയം തോന്നിയേക്കാവുന്ന ഒരു ദൃശ്യം.

പേരറിയാത്ത ഏതോ ഗ്രാമത്തിനു പിന്നില്‍ അസ്തമിയ്ക്കുന്ന സൂര്യന്‍.


About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP