Monday, August 06, 2007

എനിയ്ക്ക് പറയാനുള്ളത്...





പണ്ടുമുതലേ എന്റെ ജീവിതം ഇങ്ങിനെയാണ്. കൈവെള്ളയിലെ രേഖകള്‍പോലെ എനിയ്ക്കറിയാവുന്ന ഈ നഗരവീഥികളിലൂടെ ഭാരം താങ്ങി ദിവസം മുഴുവനും സഞ്ചാരം. ഇവിടുത്തെ വെയിലും മഴയും എനിയ്ക്ക് പരിചിതം. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും തിരക്കിട്ട് ജോലിയ്ക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്കും നടക്കാന്‍ വയ്യാ‍ത്ത വയസ്സര്‍ക്കുമൊക്കെയായിട്ടായിരുന്നു ഈ പണി തുടങ്ങിയകാലത്ത് ഓടിയിരുന്നത് എന്നാല്‍ ഇന്നാകട്ടെ പുരാതനമായ എന്തിലോ കയറുന്ന കൌതുകത്തോടെ എന്നില്‍ സവാരിയ്ക്കായി വരുന്ന വിനോദയാത്രക്കാര്‍ക്ക് വേണ്ടിയും.
ചെയ്തജോലിയ്ക്കുള്ള കൂലി കണക്കുപറഞ്ഞുവാങ്ങിയിരുന്ന എന്റെ യജമാനനാകട്ടെ ഒരു രസത്തിനായി സവാരിചെയ്തവര്‍ യാത്രയ്ക്ക് ശേഷം ഒരു വൃദ്ധനെക്കൊണ്ട് ഇത്ര് പണിയെടുപ്പിച്ചല്ലോ എന്ന കുറ്റബോധത്താല്‍ അനുതാപപൂര്‍വം വെച്ചു നീട്ടുന്ന നോട്ടുകള്‍ തലകുനിച്ച് വാങ്ങുന്നു.
ഞങ്ങളെ പിന്നിട്ട് അതിവേഗംഇരമ്പിപായുന്ന യന്ത്രശകടങ്ങളുടെ പരിഹാസം പിന്നെ ശീലമായി.
ഇങ്ങിനെ ദിവസങ്ങള്‍ എത്രകഴിഞ്ഞുവെന്ന് എണ്ണാറില്ല. എനിയ്ക്കും എന്റെ യജമാനനും വയസ്സായി. വെറുതെയിരുന്ന് തുരുമ്പിച്ച് ആക്രികച്ചവടക്കാരനായി കാത്തിരിയ്ക്കുന്നതിലും എത്രഭേദമാണ് ദിവസവും അദ്ധ്വാനിച്ച് പെട്ടെന്നൊരു ദിവസം എല്ലാം നിര്‍ത്തിപോകുന്നത് എന്ന് തോന്നുന്നതുകൊണ്ടുമാത്രം ഇന്നും ജോലിചെയ്യുന്നു. ഓരോ പഴയ ശീലങ്ങള്‍...

ഇനി ഞങ്ങള്‍ സുഹൃത്തുക്കള്‍ ഇന്നത്തെ യാത്രയുടെ വിശേഷങ്ങളും പിന്നെ ഞങ്ങളുടെ പഴയ പ്രതാപകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളും കുറച്ചുനേരം പങ്കുവെയ്ക്കട്ടെ...

23 comments:

പുള്ളി August 06, 2007 9:44 PM  

ഒരു സൈക്കിള്‍ റിക്ഷയ്ക്ക് പറയാനുള്ളത്....

മുസ്തഫ|musthapha August 06, 2007 10:19 PM  

റിക്ഷ പറഞ്ഞത് മുഴുവന്‍ ഞാന്‍ കേട്ടു...
ഇനി ഞാന്‍ പറയുന്നതൊന്ന് പുള്ളി കേ‍ക്ക് :)

ആ പടത്തിനൊരു പ്രത്യേകമായ ഭംഗിയുണ്ട്... വീണ്ടും വീണ്ടും നോക്കാന്‍ തോന്നിപ്പിക്കുന്ന ഒരു ഭംഗി...!

കേട്ടല്ലോ ഞാന്‍ പറഞ്ഞത്... ഇനി ബാക്കിയുള്ളോര് പറേണത് കേട്ടാലും :)

ഡാലി August 07, 2007 1:35 AM  

വല്ലാത്ത പഴമ തോന്നിപ്പിക്കുന്ന ഒരു ഫ്രൈം. പണ്ടൊരിക്കല്‍ നിവൃത്തികേട് കൊണ്ട് ഇങ്ങനത്തെ ഒരെണ്ണത്തില്‍ കയറേണ്ടി വന്നപ്പോള്‍ എന്തൊരു വീര്‍പ്പുമുട്ടലായിരുന്നു!

Mr. K# August 07, 2007 1:46 AM  

ഡല്‍ഹിയില്‍ സൈക്കിള്‍ റിക്ഷകള്‍ ഇപ്പോഴും സജീവം.

Unknown August 07, 2007 6:16 AM  

സെപ്പിയ ടോണ്‍ നന്നായി ചേരുന്നുണ്ട് ചിത്രത്തിനു.
ഗതകാലവിഷാദങ്ങളുടെ നിറമണിഞ്ഞ ചിത്രം.

വലതുവശത്ത് പാതിയായിപ്പോയ റിക്ഷ ഒഴിവാക്കി ക്രോപ് ചെയ്ത് നോക്കിയാരുന്നോ?

ദിവാസ്വപ്നം August 07, 2007 7:32 AM  

നല്ല ചിത്രം. കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സാധുമനുഷ്യര്‍ റിക്ഷാക്കാരാണ്. ഏറ്റവും ദയനീയമായ സന്ധ്യകളും അവരുടേത് തന്നെയായിരിക്കും. ദിവസവും നൂറും ഇരുനൂറും പലപ്പോഴും അതില്‍ക്കൂടുതലും രൂപയ്ക്ക് പണിതാലും ‘ദേശിദാരുപാനം’ കഴിഞ്ഞ് ജുഗ്ഗിയിലെത്തിയ്ക്കാന്‍ പത്തോ ഇരുപതോ രൂപയേ മിച്ചം കാണൂ.

അനംഗാരി August 07, 2007 8:23 AM  

pulli, photo is wonderful.especially color pattern.
congrats!

ശ്രീ August 07, 2007 9:09 AM  

നല്ല ചിത്രം... നല്ല വിവരണം...
:)

വേണു venu August 07, 2007 9:11 AM  

നല്ല ചിത്രം പുള്ളീ.
ഹാങ്കറില്‍‍ തൂക്കിയിട്ടിരിക്കുന്ന ഷര്‍ട്ടു് ഇവിടുത്തെ റിക്ഷാവാലയുടെ ഒരു കൊച്ചു സ്വപ്നമാണു്.:)

Rasheed Chalil August 07, 2007 9:15 AM  

ചിത്രവും അടിക്കുറിപ്പും ഒരുപോലെ ഇഷ്ടമായി.

മുസ്തഫ|musthapha August 07, 2007 11:18 AM  

യാത്രമൊഴി... എനിക്ക് തോന്നുന്നത്, പാതിയായിപ്പോയ ആ റിക്ഷയും കൂടെ ചേരുന്നതാണ് ഈ ചിത്രത്തിന്‍റെ ഭംഗി എന്നാണ്...!

Areekkodan | അരീക്കോടന്‍ August 07, 2007 11:20 AM  

വല്ലാത്ത ഒരു ഫ്രൈം.

സൂര്യോദയം August 07, 2007 1:47 PM  

ചിത്രവും വിവരണവും കട്ടയ്ക്ക്‌ കട്ട :-)

സാജന്‍| SAJAN August 07, 2007 4:19 PM  

അതെ, കേട്ടു. .. ഒപ്പം കാണുകയും ചെയ്തു, അഗ്രജന്‍ ആദ്യം പറഞ്ഞതെയുള്ളൂ എനിക്കും പറയാനുള്ളൂ:)

ഉറുമ്പ്‌ /ANT August 07, 2007 4:33 PM  

അഗ്രജന്‍ പറഞതിനോട്‌ പൂര്‍ണമായി യോജിക്കുന്നു. പകുതി മുറിക്കാതിരിക്കുന്നതാ നല്ലത്.

Unknown August 07, 2007 4:34 PM  

നന്നായിരിക്കുന്നു:)

krish | കൃഷ് August 07, 2007 5:01 PM  

റിക്ഷേ പറഞ്ഞതൊക്കെ കേട്ടു.
:)

Satheesh August 07, 2007 7:53 PM  

തന്റെ ഷര്‍ട്ട് ഏതോ ഒരു പുള്ളി അടിച്ചോണ്ടു പോയീന്ന് നിലവിളിക്കുന്ന ഒരു റിക്ഷാക്കാരനെ ഇപ്പം ഓഫീസീന്ന് വരുന്ന അഴി കണ്ടു. പുള്ളീടെ അഡ്രസ് ഞാന്‍ കൊടുത്തിട്ടുണ്ട്!

കലക്കന്‍ പോട്ടം!

അപ്പു ആദ്യാക്ഷരി August 08, 2007 6:55 AM  

പുള്ളീ, നല്ല കുറിപ്പ്. ഫോട്ടോയെപ്പറ്റി പറയാനുണ്ടായിരുന്നതെല്ലാം എനിക്കു മുമ്പേ കമന്റിയവര്‍ പറഞ്ഞൂ.

റീനി August 08, 2007 8:40 AM  

സൈക്കിള്‍ റിക്ഷകള്‍ ഇപ്പോഴും നിലവിലുണ്ടോ?

അന്തിക്കൂട്ടിനെത്തിയ ഇണയുമായി സല്ലപിക്കുമ്പോഴും പിറ്റെദിവസത്തെ ജോലിയെക്കുറിച്ചോര്‍പ്പിച്ചുകൊണ്ട്‌ യജമാനെന്റെ ഷേര്‍ട്ട്‌ അടുത്തുതന്നെ.

നല്ല ചിത്രങ്ങള്‍!

പുള്ളി August 08, 2007 9:31 AM  

അഗ്രജാ, പറയുന്നത് കേട്ടു :) സന്തോഷം.
ഡാലി, സെപിയ ടോണ്‍ തോന്നിപ്പിച്ച പഴയാണ് അത്. ചിത്രം പുതിയത്.
കുതിരവട്ടാ, സിംഗപ്പൂരിലും റിക്ഷകള്‍ ഉണ്ട്. പക്ഷേ ഒരു കൗതുകവസ്തു എന്ന പോലെ....
യാത്രാമൊഴി, നന്ദി. നമ്മളോട് പറഞ്ഞതിനുശേഷം രണ്ടു റിക്ഷകളും എന്റെങ്കിലും വര്‍ത്തമാനം പറയുന്നതായി തോന്നിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍‌വം ഫ്രെയിം അങ്ങിനെയാക്കിയതാ. പിന്നെ സിമ്മട്രിവരാതിരിയ്ക്കാന്‍ ഒന്നിനെ പകുതിയുമാക്കി.
ദിവാ നന്ദി. ഇതിന്റെ ആള് ഷര്‍ട്ടൊക്കെ ഊരിവെച്ച് അടുത്തുതന്നെ ഉണ്ടായിരുന്നു... ഒരു പാവം.
അനംഗാരീ ശ്രീ നന്ദി :)
വേണൂ, ആ സ്വപ്നത്തിന്റെ ചൂടില്‍നിന്ന് ഒന്ന് രക്ഷപ്പെടാന്‍‌വേണ്ടിയാവണം അത് ഊരിമാറ്റിയത്.
ഇത്തിരി വളരെ നന്ദി...
അരീക്കോടാ, സൂര്യോദയം സാജന്‍:)
ഉറുമ്പേ, അഗ്രജന്‍ പറഞ്ഞത് പാതിയായിപ്പോയ റിക്ഷയും കൂടിയുള്ളതാ നല്ലത് എന്നല്ലേ?
പൊതുവാളേ, കൃഷ് നന്ദി.
സതീഷേ ഇ മെയില്‍ അഡ്രസ്സാ കൊടുത്തത്? ;)
അപ്പു നന്ദി.
റിനീ, അതുതന്നെയാണ് ഞാനും കരുതിയത്. ആ ഷര്‍ട്ട് പടത്തിലില്ലാത്ത റിക്ഷക്കാരന്റെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു...

ബാജി ഓടംവേലി August 17, 2007 11:38 PM  

ഞാന്‍ എന്തു പറയാന്‍
ഒന്നു വെക്കുന്നു രണ്ട്‌ കിട്ടുമായിരിക്കും

മൂര്‍ത്തി August 19, 2007 9:29 PM  

ഞാന്‍ കാണാന്‍ വിട്ടുപോയി ഈ പോസ്റ്റ്..മറ്റു പലരും പറഞ്ഞ നല്ല അഭിപ്രാ‍യങ്ങള്‍ക്ക് താഴെ ഒപ്പ് വെയ്ക്കുന്നു...

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP