Tuesday, April 24, 2007

ക്ഷേത്രങ്ങള്‍ | ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌- 3

ഫറോവമാരെല്ലാം പുരുഷന്മാരണെന്നു കരുതല്ലേ... ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യ സ്ത്രീ ഭരണാധികാരി, അപ്പര്‍/ലോവര്‍ ഈജിപ്റ്റുകളെ ഒരു സാമ്രാജ്യത്തിന്‍ കീഴില്‍ ഭരിയ്ക്കാന്‍ കഴിവുണ്ടായിരുന്ന രണ്ടേരണ്ടു സ്ത്രീകളില്‍ ആദ്യത്തെയാള്‍, ഫറോവമാര്‍ക്കവശ്യം വേണ്ട താടിയും വശങ്ങളിലേയ്ക്കിറങ്ങിക്കിടക്കുന്നചുരുള്‍മുടിമില്ലാതിരുന്നിട്ടും വെപ്പു താടിയും മുടിയും വെച്ച്‌ പടം വരപ്പിച്ച് പ്രജകള്‍ക്കിടയില്‍ പ്രചരിപ്പിച്ചവള്‍, തന്റെ മകളെ അനന്തരാവകാശിയായി അതേ രീതിയില്‍ വളര്‍ത്തിയെടുത്തവള്‍ - അവള്‍, ഹാറ്റ്ഷിപ്സുട്! ബുദ്ധിമുട്ടണ്ട ഹാറ്റ്-ഷിപ്പ്-സ്യൂട് ഇത്രേം ഒരുമിച്ച് പറഞ്ഞാലും മതി. തുത്‌മോസ് രണ്ടാമന്റെ ഭാര്യയായിരുന്നു അവര്‍. ഭര്‍ത്താവിന്റെ കാലശേഷം ഭാര്യ ഭരിച്ചാല്‍ ആര്‍ക്കെങ്കിലും പുളിക്കുമോ എന്നു ചോദിച്ചുകൊണ്ടാണത്രേ ഹാറ്റ്ഷിപ്സുട് സ്വന്തം പേരില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്




ഹാറ്റ്ഷിപ്സുട്ന് പിരമിഡുകളോട് കമ്പം ലേശം കുറവായിരുന്നു. അതുകൊണ്ട് അവര്‍ അന്ത്യവിശ്രമത്തിനായി പറ്റിയ ഒരു മല കണ്ടു പിടിച്ച് അത് തുരന്ന് ഒരു ക്ഷേത്രം തന്നെ നിര്‍മ്മിച്ചു. ദ്‌ ടെം‌പിള്‍ ഒഫ് ഹാറ്റ്ഷിപ്സുട്.





ശില്‍പ്പമോ ചിത്രമോ ദൈവങ്ങളുടെയാണോ അതോ മരിച്ചുപോയ മനുഷ്യരുടെയാണൊ എന്നറിയാന്‍... മരിച്ചവരുടെ കയ്യുകള്‍ മാറൊടുചേര്‍ത്ത് പിണച്ചു വെച്ചിരിയ്ക്കും, താടിരോമം മുന്‍പിലേയ്ക്ക് വളഞ്ഞിരിയ്ക്കും, കാലുകള്‍ പൊതിഞ്ഞുകെട്ടിയ നിലയിലായിരിയ്ക്കും എന്നാല്‍ ദൈവങ്ങളുടെ കൈയ്യുകള്‍ സ്വതന്ത്രവും ഒരു കൈയില്‍ ‘ആംഖ്’ എന്നു പറയപ്പെടുന്ന ജീവന്റെ താക്കോലും ഉണ്ടായിരിയ്ക്കും.(ഡാവിഞ്ചി കോഡില്‍ കുരിശിന്റെ ഉല്‍പ്പത്തിയില്‍ പറഞ്ഞിരിയ്ക്കുന്ന ആ സാധനം ആണ് ഇത്)

********

ക്ഷേത്രങ്ങളേയും സമുച്ചയങ്ങളേയും പറ്റി പറയുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കാര്‍നാക് ക്ഷേത്രസമുച്ചയം. മുപ്പതു തലമുറകളിലായുള്ള ഫറൊവമാര്‍ ഇതിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ ക്ഷേത്രം അതിന്റെ വലിപ്പത്തിലും സങ്കീര്‍ണ്ണതയിലും വൈവിധ്യത്തിലും മറ്റുള്ളവയെ അപേക്ഷിച്ച് ഏറെ മുന്നില്‍ നില്‍ക്കുന്നു. അതിപുരാതന ആരാധനാലയങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലുത്. ഇതില്‍ കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളികേതു പോലെ പുരോഹിതന്മാര്‍ക്കു മാത്രം പ്രാപ്യമായ ഒരു ഗര്‍ഭഗൃഹവും രാജരക്തമുള്ളവര്‍ക്കും പ്രമുഖര്‍ക്കും മാത്രം കടന്നു പോകാവുന്ന ചില വഴികളും പിന്നെ സാധാരണക്കാര്‍ക്കായി ‘വേണേ തൊഴുത് പോഡേയ്‘ എന്ന് ഹീറൊഗ്ലിഫിക്സില്‍ എഴുതിവെച്ചിട്ടുള്ള ഒരു വഴിയും ഉണ്ടായിരുന്നു.



നടുമുറ്റം. തൂണുകളുടെ മുകള്‍ഭാഗം അപ്പര്‍ ഈജിപ്റ്റിന്റെയും ദേവത ‘നെഫ‌ര്‍തെം’ന്റേയും അടയാളമായ നീലത്താമരയുടെ ആകൃതിയില്‍. നൂറ്റാണ്ടുകളായി വെയിലും മഴയുമേറ്റ് തൂണുകളിലെ നിറമെല്ലാം പോയിരിക്കുന്നു.


കാര്‍നാക് ക്ഷേത്രത്തേയും ലക്സര്‍ ക്ഷേത്രത്തേയും ബന്ധിപ്പിയ്ക്കുന്ന സ്ഫിക്ങ്ക്സ്കളുടെ ഇടനാഴി .


ചുവരുകള്‍ക്കുമുണ്ട് കഥപറയാന്‍...



ഒരു രാത്രി ദൃശ്യം


റൊമില്‍ നിന്ന് ആട്ടിപ്പയിക്കപ്പെട്ട കൃസ്തുവിന്റെ അനുയായികള്‍ക്ക് ആ കാലത്തുള്ള ഒരു ഫറൊവ കാര്‍നാകില്‍ അഭയം കൊടുത്തു. അവര്‍ കാര്‍നാക് സമുച്ചയത്തിലെ ഫിലെയുടെ ക്ഷേത്രത്തിലെ ഒരു തൂണില്‍ കൊത്തിവെച്ച കുരിശ്. ഈജിപ്റ്റിലും ഗ്രീസിലും കാണുന്ന കോപ്റ്റിക് കൃസ്താനികള്‍ക്ക് ഇപ്പോളും ഇതു തന്നെ കുരിശ്...

Friday, April 20, 2007

പിരമിഡുകള്‍ | ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌-2

ഗിസായിലെ പിരമിഡ് . യേശുവിന് 2750 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖുഫു് എന്ന ഫറൊവ പണിയിച്ച സ്വന്തം ശവകുടിരം. ഏറ്റവുമധികകാലം ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വാസ്തുശില്‍പ്പമായി നിലകൊണ്ടു.

ഇപ്പോളും ഭീമാകാരന്മാരുടെ കാരണവരായി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളില്‍ അവശേഷിയ്ക്കുന്ന ഒന്നേയൊന്ന്.
പുരാതന ഈജിപ്ഷ്യന്മാര്‍ ജീവിയ്ക്കുമ്പോള്‍ തന്നെ തന്റെ മരണാ‍നന്തര ജീവിതത്തിനുള്ളതെല്ലാം സ്വരുക്കൂട്ടിയിരുന്നു. അവരുടെ വിശ്വാസത്തില്‍ ഭൂമിയിലെ ജീവിതം ക്ഷണികവും മരണാനന്തരമുള്ള ജീവിതം
അനശ്വരവുമായിരുന്നു.




ഒരു സമീപ ദൃശ്യം. പിരമിഡിന്റെ നടുവിലായി കാണുന്നത് ഉള്ളറകളിലേയ്ക്കുള്ള കവാടം


മൂന്നു പിരമിഡുകളുമുള്ള ഈ വിദൂര ദൃശ്യം കാണുവാനായി ഏതാനും കിലോമിറ്ററുകള്‍ ഗാസാ പീഠഭൂമിയിലൂടെ സഞ്ചരിയ്ക്കണം. പിരമിഡുകള്‍ക്കു പിന്നിലായി കൈറൊ നഗരം.



ദീര്‍ഘ ചതുരാകൃതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും കരിങ്കല്ലുകളുമാണ് ഈ പിരമിഡുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിയ്ക്കുന്നത്. എണ്‍പത് ടണ്ണോളം വരുന്ന കരിങ്കല്ലുകള്‍ വരെ‍ ഈ കൂട്ടത്തിലുണ്ട്.
നൈല്‍ തെക്കു നിന്ന് വടക്കോട്ടൊഴുകുന്നതിനാല്‍ ഈജിപ്റ്റിന്റെ തെക്കുഭാഗത്തിന് അപ്പര്‍ ഈജിപ്റ്റ് എന്നും വടക്കുഭാഗത്തിന് ലോവര്‍‌ ഈജിപ്റ്റ് എന്നും പറയും. (ഭൂപടത്തില്‍ നോക്കുമ്പോള്‍ ഇത് ആശയക്കുഴപ്പത്തിന്
കാരണമായേക്കാം.) പിരമിഡ് നിര്‍മ്മാണത്തിനുള്ള കരിങ്കല്ലുകള്‍, അപ്പര്‍ ഈജിപ്റ്റില്‍ - കൈറൊയില്‍ നിന്ന് 800 കി.മീ അകലെയുള്ള - അസ്‌വാനില്‍നിന്നാനത്രേ കൊണ്ടുവന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകള്‍ കൊണ്ടുവന്നത് ഏതായാലും പതിനാറു ചക്രമുള്ള പാണ്ടിലോറിയിലാവില്ല, അതിന് ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരുന്നിരിയ്ക്കണം സഹായിച്ചത്.


സ്ഫിങ്ക്സ് . പണ്ട് ചരിത്രപാഠപുസ്തകത്തില്‍ കണ്ടു പരിചയിച്ച മുഖം. ഒറ്റക്കല്ലില്‍ തീര്‍ത്ത മനുഷ്യമുഖവും സിംഹത്തിന്റെ ഉടലുമുള്ള ഈ രൂപത്തിന് സ്ഫിങ്ക്സ് എന്ന പേരു കിട്ടിയത് ഗ്രീക്കില്‍ നിന്നാണ്. ഇതിന്റെ പുരാതന ഈജിപ്ഷ്യന്‍ പേര് ആര്‍ക്കുമറിയില്ല. 'ഖുഫ്'ന്റേയും അദ്ദേഹത്തിന്റെ പിന്‍‌ഗാമിയായ 'കഫ്ര'യുടെയും പിന്നീട് വന്ന 'മെന്‍‌കൗറെ'യുടേയും പിരമിഡുകളും അവരുടെയൊക്കെ രാജ്ഞിമാരുടെ കൊച്ചു പിരമിഡുകളും പിന്നെ രാജാവിനു മരണാനന്തരം ഭരണം നടത്താന്‍ പരലോകത്തേയ്ക്ക് കൂടെകൊണ്ടുപോയെക്കാം എന്നു തോന്നിയ പണ്ഡിതന്മാരുടേയും പരിചാരകരുടെയും കല്ലറകളും മൃതദേഹത്തിനെ മമ്മിയാക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ക്കായി തീര്‍ത്ത പല മണ്ഡപങ്ങളും മറ്റുമടങ്ങിയ ക്ഷേത്രസമുച്ചയത്തിന്റെ ഒരു അറ്റത്ത് കഫ്രയുടെ പിരമിഡിനു് നേരെയായി മൂക്കുപോയെങ്കിലും മുഖമുയര്‍ത്തി സ്ഫിങ്ക്സ് നില്‍ക്കുന്നു.
ഈജിപ്റ്റ് ഗവര്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ ഈജിപ്റ്റോളജിസ്റ്റുകളും മറ്റുവിദഗ്ധരുമടങ്ങിയ
ഒരു ക്ഷേത്രപുനരുദ്ധാരണകമ്മിറ്റി അനവരതം ഇതിന്റെ സം‌രക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

Saturday, April 07, 2007

ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌.

ഈജിപ്റ്റ്‌ എന്നാല്‍ നമുക്ക്‌ മനസ്സിലേയ്ക്ക് ആദ്യമെത്തുക ഫറോവമാരുടെയും പിരമിഡിന്റേയും മറ്റും ചിത്രങ്ങളാണ്‌. എന്നാല്‍ ആ പിരമിഡുകള്‍ക്കും ഫറോവമാര്‍ക്കും - പൊതുവേ വടക്കുകിഴക്കേ ആഫ്രികയിലെ ജനവാസത്തിനും അവരുടെ ഒരുപിടി സംസ്കാരങ്ങള്‍ക്കും പൊട്ടിമുളയ്ക്കാനാവശ്യമായ വെള്ളവും എക്കല്‍മണ്ണും നല്‍കിയ, ഇന്നും നിലനില്‍പ്പിനായി അവയെല്ലാം നല്‍കിക്കൊണ്ടിരിയ്ക്കുന്ന നൈല്‍ നദിയുടെ ചിത്രങ്ങള്‍ കൊണ്ടാവട്ടേ ഈ ഓര്‍മ്മകുറിപ്പുകളുടെ തുടക്കം.
തെക്ക്‌ ബുറുണ്ടിയിലും ഉഗാണ്ടയിലും കെനിയയിലുമായി പരന്നുകിടക്കുന്ന ചെയ്യുന്ന വിക്ടോറിയാതടാകത്തില്‍ നിന്നുല്‍‍ഭവിയ്ക്കുന്ന വെള്ള നൈലും എതിയോപിയയില്‍നിന്നുല്‍ഭവിയ്ക്കുന്ന നീല നൈലും സുഡാന്‍ന്റെ തലസ്ഥാനമായ ഖാര്‍തൂമില്‍ സന്ധിയ്ക്കുന്നു. അവിടെ നിന്ന് ഒരുമിച്ചൊഴുകി ഈജിപ്റ്റില്‍ അസ്‌വാന്‍, കെയ്‌റോ എന്നീ നഗരങ്ങളിലൂടെ വടക്കേയറ്റമായ അലക്സാണ്ഡ്രിയയിലെത്തി മെഡിറ്ററേനിയന്‍ കടലില്‍ ചേരുന്നു. പോകുന്നവഴികളിലുള്ളവര്‍ക്ക്‌ ജീവജലവും ചിലപ്പോഴൊക്കെ പ്രളയവും സമ്മാനിയ്ക്കുന്നു.


നൈലോരം: നദിയുടെ ഇരുകരകളിലുമായി കുറച്ചു ദൂരം മാത്രമേ പച്ചപ്പ്‌ കാണുവാന്‍ കഴിയൂ. പുറകില്‍ ഉയര്‍ന്നു കാണുന്ന കുന്ന് നൈലില്‍നിന്നകലെയുള്ള ഊഷരഭൂമിയുടെ പ്രതീകം



മെംഫിസ്‌ എന്ന ചെറുപട്ടണത്തില്‍ യാത്രക്കാര്‍ക്കായി കാത്തുകിടക്കുന്ന ക്രൂസ്‌ ഷിപ്പുകളും ഫലൂക്ക എന്ന പായ്‌വഞ്ചികളും (ഫലൂക്കയെക്കുറിച്ച്‌ മറ്റൊരുപോസ്റ്റില്‍)


ചെറുതോണിയില്‍ മീന്‍പിടിയ്ക്കുന്ന നാട്ടുകാര്‍, പുറകിലായി കരിമ്പുപാടം.



ഈത്തപ്പനകള്‍ക്കു പകരം തെങ്ങായിരുന്നെങ്കില്‍ നമുക്കു വളരെ പരിചയം തോന്നിയേക്കാവുന്ന ഒരു ദൃശ്യം.

പേരറിയാത്ത ഏതോ ഗ്രാമത്തിനു പിന്നില്‍ അസ്തമിയ്ക്കുന്ന സൂര്യന്‍.


Tuesday, January 02, 2007

നോ മണി, നോ ഹണി.


'എ.ടി.എം'ല്‍ ഉപേക്ഷിക്കപ്പെട്ട റോസാ പൂക്കള്‍ പോലെ എന്ന്‌ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... ഇതിനെ കുറിച്ചാണോ ശ്രീ ശ്രീ മാര്‍ക്സ്‌ ഗുരു തന്റെ പരിശുദ്ധ ഗ്രന്ധമായ മൂലധനത്തില്‍ "മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ഥമൊഴികെ, പച്ചയായ രൂപ പൈസ കണക്കുകളൊഴികെ മറ്റൊന്നും തന്നെ മുതലാളിത്തം ബാക്കി വെച്ചില്ല..." എന്നു പരാതിപ്പെട്ടത്‌? എന്തായിരുന്നലും ഒന്നു വ്യക്തം, ഇതു കൊടുക്കേണ്ടയാളോ വാങ്ങേണ്ടയാളോ ഒരുവട്ടമെങ്കിലും കാല്‍പ്പനികത ചുട്ടു ചപ്പാത്തിയുണ്ടാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്‌...


അരണ്ട വെളിച്ചത്തില്‍ കാമറ ഫോണിലെടുത്തതിനാലാവണം ധാരാളം നോയ്‌സ്‌ ഉണ്ട്‌. ക്ഷമിക്കുക. വെറുതെ ക്ഷമിക്കണ്ട, എ.ടി.എം ല്‍ പൈസയെടുക്കാറായാല്‍ സെറ്റില്‍ ചെയ്യാം... Posted by Picasa

Monday, December 25, 2006

അപരിചിതരില്ലാത്ത ലോകം.


ഇതുവരെ കണ്ടിരിയ്ക്കാന്‍ ഇടയില്ലാത്ത ഒരു തീവണ്ടി നിറയെ ആളുകളെ നിറഞ്ഞ സന്തോഷത്തോടെ കൈവീശിക്കാണിക്കാന്‍ കഴിയുന്ന ബാല്യത്തിന്റെ ഹൃദയ വിശാലത ഒരിയ്ക്കലും നഷ്ടപ്പെടാതെയിരിയ്ക്കട്ടെ, അപരിചതരില്ലാത്ത ഒരു ലോകമുണ്ടാകട്ടെ.

എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും നവവത്സരാശംസകള്‍!

Saturday, October 21, 2006

പട്ടിയും റൊട്ടിയും അഥവാ മായാവാദം

മായാവാദം പറയുന്നതെന്തെന്നാല്‍; എല്ലാം മായയാണ്‌ മോനേ ദിനേശാ...

പട്ടിയും റൊട്ടിയും ചിത്രകാരന്‍ വെള്ളകാന്‍വാസ്‌ കാണിച്ചു പറയുന്നതെന്തെന്നാല്‍; പട്ടി റൊട്ടിതിന്നു, റൊട്ടി തിന്നാല്‍ പട്ടിയ്ക്ക്‌ പിന്നിവിടെന്ത്‌ കാര്യം പട്ടി പോയി അതുകോണ്ട്‌ വെള്ള കാന്‍വാസ്‌ മാത്രം ബാക്കി...

പുരാതന ചൈനീസ്‌ ബുദ്ധധര്‍മ്മ കടലാസു ചുരുള്‍, കാലിഗ്രാഫിയ്ക്കിടക്ക്‌ ഒരു വട്ടം വരച്ചു പറയുന്നതെന്തെന്നാല്‍; കാളയും മനുഷ്യനും രണ്ടും പോയി അതിനാല്‍ ഈ വട്ടം മാത്രം ബാക്കി...

തെന്നാലിരാമന്‍ പറയുന്നതെന്തെന്നാല്‍; മായവാദക്കാരന്‍ ഊണുകഴിക്കുന്നതായി സങ്കല്‍പ്പിച്ചോട്ടെ, നമുക്കു പോയി വയര്‍നിറയെ കഴിയ്ക്കാം.

ഇത്രയൊന്നും ആലോചിച്ച്‌ തലപുണ്ണാക്കന്‍ സമയമില്ലാത്ത അന്നത്തെ അന്നത്തിനായി അദ്ധ്വാനിക്കുന്നവന്‍ പറയുന്നു ഇതു വരെ അറിഞ്ഞിടത്തോളം പരമമായ സത്യം വിശപ്പാണ്‌

താങ്കളെന്തു പറയുന്നു?

Posted by Picasa

Sunday, October 15, 2006

പക്ഷിക്കുഞ്ഞിന്റെ ഹൈക്കു

പാറച്ചെരുവിലെ കുഞ്ഞിപ്പൊത്ത്,
വളരാനുള്ള വിശപ്പ്,
ഇരപിടിയന്മാരുടെ ലോകം.
-പക്ഷിക്കുഞ്ഞിന്റെ
ഹൈക്കു.

Posted by Picasa

Tuesday, October 03, 2006

നഗരം പ്രാവിന്‍ കണ്ണുകളിലൂടെ...

കാടും മലകളും വിട്ട്‌ നഗരങ്ങളില്‍ കുടിയേറിപാര്‍ത്തവര്‍,
തീവണ്ടിയാപ്പീസുകള്‍ക്കും വ്യാപാര സമുച്ചയങ്ങള്‍ക്കും മുകളില്‍ കൂടുകൂട്ടുന്നവര്‍,
ആരെറിഞ്ഞ ധാന്യമണികളും കൊത്തിവിഴുങ്ങുന്നവര്‍,
മഹാന്മാരുടെ പ്രതിമകള്‍ക്കു മുകളിള്‍ കാഷ്ഠിക്കുന്നവര്‍,
നടപ്പാതകളില്‍ സമ്മേളനം നടത്തുന്നവര്‍,
ഏതു കാലാവസ്ഥയോടും ഇണങ്ങുന്നവര്‍,
മടുപ്പിയ്ക്കുന്ന കെട്ടിടങ്ങളുടേയും അവയ്ക്കുള്ളില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങളുടേയും ഇടയില്‍ കഴിഞ്ഞ്‌ അവയുടെ നരച്ച നിറം സ്വീകരിച്ചവര്‍,
മനുഷ്യരാല്‍ സമാധാനമാരോപിയ്ക്കപ്പെട്ടവര്‍,
കാടുകളിലേയ്ക്ക്‌ തിരിച്ചുപോകന്‍ നീലാകാശം തുറന്നിരുന്നിട്ടും തിരിച്ചുപോക്കിനെ പറ്റി ചിന്തിയ്ക്കാത്തവര്‍,
അവരുടെ കാടാണോ നമ്മുടെ നഗരങ്ങള്‍?
നഗരങ്ങളും പ്രാവുകളും തമ്മിലെന്താണു്‌ ബന്ധം?

ചുവന്നുകലങ്ങിയ കണ്ണുകള്‍കൊണ്ട്‌ താഴെ ചിരപരിചിതമായ നഗരത്തിനേയും മുകളില്‍ നീലാകാശത്തിനേയും നോക്കി അവരിലൊരാള്‍ ഇതാ...



സ്ഥലം: എമ്പയര്‍സ്റ്റേറ്റ്‌ ബില്‍ഡിംഗ്‌, ന്യൂയോര്‍ക്‌

 Posted by Picasa

Thursday, September 28, 2006

ജനാധിപത്യം? - ഒരു അനുബന്ധം.

സമകാലികത്തില്‍ കണ്ണൂസ്‌ എഴുതിയ ജനാധിപത്യം എന്ന കുറിപ്പിന്‌ ഒരു അനുബന്ധം.
ഗ്രൌണ്ട്‌ സീറോയ്ക്ക്‌ മുന്‍പിലാണിവരീ ബാനറുമായി നില്‍ക്കുന്നത്‌.
ഞാനിതിന്റെ ചിത്രമെടുക്കുന്നതുകണ്ടിട്ട്‌ ഇവരുടെ കൂട്ടത്തില്‍ ലഖുലേഖവിതരണം ചെയ്യുന്ന ഒരാള്‍ എന്നോട്‌ അവരീ ചെയ്യുന്നതെന്തിനെന്നു വിശദീകരിച്ചുതന്നൂ.
Fahrenheit 911ഇല്‍ പറഞ്ഞവ തന്നെ...


സ്ഥലം: ഗ്രൌണ്ട്‌ സീറൊ, ന്യൂയോര്‍ക്ക്‌

Posted by Picasa

Tuesday, September 26, 2006

കാരുണ്യം - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌.

അടുത്തയിടെ ഒരു സാംസ്കാരികസംഘടനയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ എത്തിയ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ രോഗബാധിതനായതിനെ തുടര്‍ന്ന്‌ ഇവിടെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമായപ്പോള്‍ തന്നെ സഹായിച്ചവര്‍ക്കു സമര്‍പ്പണമായി എഴുതിയ കവിതയാണ്‌ ഇത്‌. കവി സ്വന്തം കൈപ്പടയിലെഴുതിയത്‌...

























വലുതായി കാണുവാന്‍ ചിത്രങ്ങളില്‍ ക്ലിക്‌ ചെയ്യുക

Monday, September 25, 2006

ഏഴുനിലയുള്ള കൊട്ടാരം

പണ്ടു പണ്ട്‌ വളരെ സുന്ദരനും ധീരവീരപരാക്രമിയുമായ ഒരു രാജകുമാരനുണ്ടായിരുന്നു.

ഏഴുകടലുകള്‍ക്കപ്പുറത്ത്‌ ഏഴുനിലകളുള്ള ഒരു കൊട്ടാരത്തില്‍ ആയിരുന്നു രാജകുമാരന്‍ താമസിച്ചിരുന്നത്‌. അദേഹത്തിന്‌ ദൂരദിക്കുകളില്‍ നിന്നുപോലും കപ്പം കിട്ടിക്കൊണ്ടിരുന്നു. ഏഴു കടലുകള്‍ക്കപ്പുറത്തുനിന്നും മുത്തും പവിഴവും നിറച്ച കപ്പലുകള്‍ കൊട്ടാരത്തിലെക്ക്‌ ദിനം പ്രതി വന്നുകൊണ്ടിരുന്നു...



Wednesday, September 20, 2006

വക്കാരിയുടെ നാട്ടില്‍ - 2

ഷിബുയാ: ട്രാഫിക്‌ ലൈറ്റുകളില്‍ കാല്‍നടകാര്‍ക്കു്‌ പച്ചതെളിഞ്ഞാല്‍ പിന്നെ ഒരു മനുഷ്യമഹാപ്രവാഹമാണവിടെ നടക്കുക. നാലുദിക്കില്‍ നിന്നുമായി നൂറുകണക്കിനു ആളുകള്‍ വഴി മുറിച്ചു കടക്കുന്നതു കാണാം. ലോകത്തിലെ എറ്റവും ആള്‍തിരക്കേറിയ ക്രോസ്സിംഗ്‌ ആണത്രേ ഷിബുയായിലേത്‌. ഇതിനു സമാനം ഡിസ്കവറി ചാനലില്‍ കണ്ടിട്ടുള്ള ആഫ്രിക്കന്‍ സാവന്നായിലെ മൃഗങ്ങളുടെ വാര്‍ഷീക കുടിയേറ്റം മാത്രം...

വൈകീട്ട്‌ ആറിനോടടുത്താണ്‌ ഈ ചിത്രമെടുതിരിക്കുന്നത്‌. ഇതിലെങ്ങാനും ഒരാള്‍ സൈക്കിള്‍ ഓടിച്ചു പോകുന്നതുകണ്ടാല്‍ ഉറപ്പിച്ചോളൂ...




സ്ഥലം: ഷിബുയ, ടൊക്യൊ, ജപ്പാന്‍.

 Posted by Picasa

Thursday, September 14, 2006

പച്ചക്കുതിര/പച്ചപയ്യ്‌/പച്ചത്ത/പച്ചപ്രാണി


ആറു മണിക്കൂറുകള്‍ നീണ്ട മലകയറ്റത്തിനു ശേഷം ആദ്യം ഉച്ചിയില്‍ എത്തി എന്നു സന്തോഷിച്ചിരിക്കുമ്പോളാണ്‌ ഈ വിദ്വാനെ അവിടെ കണ്ടത്‌. ഏതു സ്പോര്‍ട്‌സ്‌ വാഹനങ്ങളൊടും കിടപിടിക്കത്തക്ക ഏയ്‌റോ ഡൈനാമിക്‌ ഡിസൈനും പച്ച നിറത്തിലുള്ള കൈകാലുകളില്‍ ട്രെന്റി പച്ച കുത്തലുകളും ഒക്കെയായി അടുത്തതായി ഏതു മലയിലേക്കു ചാടണം എന്നു ആലോചിച്ചു ഇരിക്കുകയാണ്‌ ഇയാള്‍.

ആദ്യ ചിത്രം ഇരിപ്പിന്റെ പശ്ചാത്തലമുള്‍പ്പെടുത്തി, അടുത്ത ചാട്ടത്തിന്റെ സാധ്യതകളിലേക്ക്‌...
രണ്ടാമത്തേത്‌ പച്ചകുത്തലുകള്‍ക്കായി





സ്ഥലം: മൌണ്ട്‌ ഓഫിര്‍, റ്റിറ്റിവാങ്ങ്‌സാ പര്‍വ്വതനിരകള്‍, മലേഷ്യ.

ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ കുറച്ചുകൂടി വലുതായി കാണാം.

Posted by Picasa

Thursday, September 07, 2006

ഇവിടെ കുളി(ര്‍)പ്പിച്ചു കൊടുക്കപ്പെടും...

ഉഷ്ണമേഖലാ മഴക്കാടുകള്‍ കൊണ്ടു സമ്പന്നമാണ്‌ മലേഷ്യ.
സിംഗപ്പൂരിനോടു ചേര്‍ന്നു കിടക്കുന്ന മലേഷ്യയിലെ ജോഹോര്‍ ബാഹ്‌റു സംസ്ഥാനത്തിലാണ്‌ മനോഹരമായ ഈ വെള്ളച്ചാട്ടം.
പല തട്ടുകളിലായുള്ള ഈ ചാട്ടത്തില്‍ കുറച്ചു മുകളിലായുള്ള ഒരു തട്ടില്‍ പാറയില്‍ കാലങ്ങളായി വെള്ളം വീണു്‌ ഉണ്ടായിരിക്കുന്ന ഒരു ചെറിയ കുളമാണ്‌ ചിത്രത്തില്‍. അരക്കൊപ്പം വെള്ളമുള്ള ഈ കുളത്തിലിറങ്ങി നിന്നാല്‍, പുറത്തു ശക്തിയായി വീഴുന്ന തണുത്ത വെള്ളം കൊണ്ട്‌ തിരുമ്മും ധാരയും ഒന്നിച്ചു ചെയ്ത പോലെ ഉണ്ടാവും
!


സ്ഥലം: കോട്ടാ തിങ്ഗീ (Kota Tinggi), ജോഹോര്‍ ബാഹ്‌റു, മലേഷ്യ.

Posted by Picasa

Tuesday, September 05, 2006

പുട്ട്‌ തയ്യാര്‍!

സുഹൃത്ത്‌ ഫോണ്‍ ചെയ്തു ചോദിക്കുന്നു "ഇന്നു്‌ ഓണല്ലേ....!"
ഞാന്‍ "അതെ, താന്‍ ഓഫാ?"
സുഹൃത്ത്‌: "ഏയ്‌ ഞാനും ഓണാ, ഇന്നു സ്പെഷ്യല്‍ കഞ്ഞിപാര്‍ച്ച ഉണ്ടത്രേ, വേഗം പോയി കുമ്പിളുണ്ടാക്കട്ടെ"

കഞ്ഞിക്കുവേണ്ടി ഓണാഘോഷിക്കുന്ന കോരന്മാര്‍ക്കും, ഓണാഘോഷിക്കാന്‍ ഓഫായിരിക്കുന്ന ഭാഗ്യശാലികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

Friday, September 01, 2006

മാനത്തൂന്നൊരൂഞ്ഞാല്‌

അഴിച്ചിട്ട മുടിയും ചുണ്ടിലൊരു മൂളിപ്പാട്ടുമായി ഏതോ വിചാരങ്ങളില്‍ മുഴുകി പതുക്കെ ഊഞ്ഞാലാടുന്ന പെണ്‍കുട്ടി.


വെങ്കലത്തില്‍ വാര്‍ത്തെടുത്ത പൂര്‍ണകായ പ്രതിമ.
സ്ഥലം: സിംഗപ്പൂര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍
ശില്‍പ്പി: ഡേവിഡ്‌ മാര്‍ഷല്‍ (1984)

 Posted by Picasa

Thursday, August 31, 2006

ഒളിച്ചു കളിയുടെ ആശാന്‍!

യെവനാണ്‌ കടല്‍ വ്യാളി. പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ Phycodurus eques എന്നു പറഞ്ഞാലും മതി.
കടലില്‍ പായലുകളുടെ ഒപ്പം കിടന്നാല്‍ ഇതിനെ കണ്ടു പിടിക്കുക അസാധ്യം.
ആസ്തേലിയന്‍ തീരക്കടലില്‍ കാണപ്പെടുന്നു.


സ്ഥലം: അണ്ടര്‍ വാട്ടര്‍ വേള്‍ഡ്‌, സിംഗപ്പൂര്‍.

 Posted by Picasa

Wednesday, August 30, 2006

സുനാമിക്കുട്ടി

സുനാമിയില്‍ നശിച്ച വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്ന പരിപാടിയില്‍ വിയര്‍പ്പിന്റെ പങ്കു കൊടുക്കാന്‍ പോയിരുന്നു എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം. പകല്‍ മുഴുവന്‍ കല്ലു ചുമക്കലും, സിമന്റു കൂട്ടലും. പണ്ടുണ്ടോ പാണന്‍ പോത്തുപൂട്ടീട്ട്‌...എന്റെ അടപ്പു തെറിച്ചു...എന്നാലും ഒരു ചാക്കു സിമന്റു കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന മട്ടില്‍ വൈകുംനേരം വരെ ഉറക്കെ വര്‍ത്തമാനവും പറഞ്ഞ്‌ ലിറ്റര്‍ കണക്കിനു വെള്ളവും കുടിച്ച്‌ കഴിച്ചു കൂട്ടി.

ആകെയുള്ള ആശ്വാസം ഞങ്ങള്‍ പണിതുകൊണ്ടിരുന്ന വീട്ടില്‍ താമസിക്കാന്‍ പോവുന്ന ഈ കുട്ടിയുടെ ചിരിയും വൈകുന്നേരങ്ങളിലെ ചുറ്റുവട്ടത്തുള്ള കുട്ടികളുമൊത്തുള്ള ക്രിക്കറ്റുകളിയും.

വെള്ളം കുടിക്കാന്‍ പഴയ പലകകളും പ്ലാസ്റ്റിക്‌ ഷീറ്റുകളും കൊണ്ടുണ്ടാക്കിയ അവരുടെ കൂരയില്‍ ചെല്ലുമ്പോള്‍, ഈ ചേട്ടന്‌ ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന മട്ടില്‍ കുട്ടി എന്നെ നോക്കി ചിരിക്കുന്നതാണ്‌ താഴെ. മൊബെയില്‍ ഫോണില്‍ എടുത്ത പടം.



സ്ഥലം: ബാതാം ദ്വീപ്‌, റിയാവു പ്രവിശ്യ, ഇന്തൊനേഷ്യ.

Posted by Picasa

Saturday, August 26, 2006

വക്കാരിയുടെ നാട്ടില്‍...

ടോക്യോവിലെ ഒരുഗ്രന്‍ കലാരൂപമാണ്‌ ഇത്‌.

കലാകാരന്‍ ഫ്രെഞ്ച്‌ ആര്‍കിടെക്റ്റ്‌ Philippe Starck.
Asahi ബിയറിന്റെ കെട്ടിടത്തിന്റെ മുകളിലാണ്‌ കക്ഷി കാര്യം സാധിച്ചത്‌.
ഇദ്ദേഹത്തിനു മനസ്സില്‍ ഒരു സ്വര്‍ണ ജ്വാല നിര്‍മ്മിക്കണമെന്നാണ്‌ ഉണ്ടായിരുന്നതത്രേ. extra dry ബിയറും, സ്വര്‍ണ്ണജ്വാലയും തമ്മില്‍ ഒരു ബന്ധമൊക്കെയുണ്ട്‌.
എന്നിരുന്നാലും, റ്റോക്യൊവിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇതു സുരേഷ്‌ ഗോപിയുടെ കെട്ടിടമെന്നാണ്‌ അറിയപ്പെടുന്നത്‌.


ആദ്യം പറഞ്ഞതൊര്‍മ്മയില്ലേ.. അനുവാചകന്റെ കണ്ണിലാണ്‌...... Posted by Picasa

Thursday, August 24, 2006

നഗരം നഗരം മഹാസാഗരം.


സന്ധ്യ മയങ്ങുന്നു. ആകാശത്തിന്റെ നീലിമ മുഴുവനായി പോയിട്ടില്ല...
നഗരം ഒരു വേശ്യയെപോലെ രാത്രിയെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി തുടങ്ങി.
വലിയ നഗരങ്ങള്‍ Chronic Sleep Deprivation പിടിച്ച രോഗിയെ പ്പൊലെ ആണ്‌.
ഈ വിചിത്രമായ ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്നുകൊണ്ടു അതിനെ തന്നെ നോക്കികാണുമ്പോള്‍ ഞാന്‍ എനിക്കുതന്നെ അപരിചിതനാകുന്നു...

ഉത്തേജകം ഉള്ളില്‍ ചെന്നതിനു ശേഷം; അതേ ഗെഡി...

ഡാ നീ ഒന്നു പുറത്തേക്കു നോക്ക്യേ... ഭൂമിക്കു മുകളില്‍ ഒരു സ്വണ്ണ അലുക്കുകളുള്ള നീല മുത്തുക്കുടപിടിച്ചപോലെ ഇല്ലേ ?
ഇതിങ്ങനെ നോക്കി ഇരിക്കാന്‍ തോന്നും...


സ്ഥലം: Equinox ബാര്‍ . ഒരു ഹോട്ടെലിന്റെ 70-ാ‍ം നിലയില്‍. സിംഗപ്പൂര്‍ നഗരമധ്യം.

Posted by Picasa

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP