Tuesday, July 31, 2007

ഞാണിന്മേല്‍ക്കളി



ബൂലോഗത്ത് ഇത് കടല്‍ക്കാക്കകളുടെ കാലം. താഴെകാണുന്ന പക്ഷിയാണ് ദക്ഷിണാര്‍ദ്ധഗോളത്തില്‍ മാത്രം കാണപ്പെടുന്ന സില്‍‌വര്‍ഗള്‍ അവര്‍കള്‍ (Silver Gull)‍. ചുവപ്പെഴുതിയ കണ്ണുകളും കൊക്കും കാലുകളും കൊണ്ട് ഇവയെ വേഗം തിരിച്ചറിയാം. പടം‌പിടിയ്ക്കണ കുന്ത്രാണ്ടം നേരെപിടിച്ചാല്‍ പറന്നകലുന്നവരില്‍നിന്ന് വളരെ വ്യത്യസ്തമായി ഇയാള്‍ക്ക് നമ്മളെ വലിയ പേടിയൊന്നും കണ്ടില്ല. ഇതിന്റെ ഭംഗി മുഴുവനാസ്വദിയ്ക്കാന്‍ ദയവായി ചിത്രം വലുതാക്കികാണുക...









സ്ഥലം: കൈകോറാ, ന്യൂസീലാന്റ്.

Tuesday, July 17, 2007

ചാലക്കുടിപ്പുഴയ്ക്കരികില്‍ നിന്ന്...

ഇന്ന്‌ കര്‍ക്കിടകം ഒന്ന്. കുറച്ചു ദിവസങ്ങളായി നിര്‍‍ത്താതെ പെയ്യുന്ന മഴ. ഇവിടെ പെയ്തതിലും വളരെയധികം കിഴക്ക് സഹ്യനില്‍ പെയ്തതുകൊണ്ടാവണം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പെരിങ്ങല്‍കുത്ത് ഡാം തുറന്നു. ചാലക്കുടിപ്പുഴ ചന്ദനച്ചോലയില്‍ നിന്ന്‌ ഭാവപ്പകര്‍ച്ച നടത്തി രൗദ്രഭാവം പൂണ്ട് അറബിക്കടലിലേയ്ക്ക് കലിയിളകി പായുന്നു. പടമെടുക്കുമ്പോളും ഇതെഴുതുമ്പോളും മഴ ചനുപിനെ പെയ്തുകൊണ്ടിരിയ്ക്കുകയാണ്‌.പുഴ കരകവിഞ്ഞ് പറമ്പുകളിലേയ്ക്കും പാടങ്ങളിലേയ്ക്കും പരന്ന് തുടങ്ങിയിരിയിട്ടുണ്ട്. ഇത്രയൊക്കെയായാലും ഇതുവരെ കറണ്ട് പോയിട്ടില്ല, ഇന്റര്‍നെറ്റ് കണക്ഷനും കുഴപ്പമില്ല അതുകൊണ്ട് ഇത് വേഗം പോസ്റ്റ് ചെയ്യുന്നു... ബൂലോഗത്തിനു വേണ്ടി ചാലക്കുടിപ്പുഴക്കരയില്‍ നിന്ന് (ഇറങ്ങിനില്‍ക്കാന്‍ ധൈര്യമില്ല) റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു പുള്ളി.











Tuesday, July 10, 2007

കുസുമേ കുസുമോത്പത്തിഃ


Sunday, June 24, 2007

ആദ്യത്തെ കണ്മണി പെണ്ണായിരിയ്ക്കണം...


സുഹൃത്തുക്കളേ, എന്റെ ആദ്യത്തെ കുട്ടി വെള്ളിയാഴ്ച രാവിലെ ഭൂജാതയായി. പ്രസവം കേരളത്തില്‍ വെച്ചായിരുന്നു. കാലാവസ്ഥാപ്രവചനക്കാരും ഡോക്ടര്‍മാരും പ്രവചിക്കന്ന തീയതികള്‍ പലപ്പോഴും തെറ്റാറാണു പതിവ്‌. കുട്ടി 26-ആം തീയതി വരുമെന്ന് ഡോക്ടര്‍ പറഞ്ഞ്ത് മുഴുവന്‍ കണക്കിലെടുക്കാതെ നാലുദിവസം മുന്‍പേകൂട്ടി നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍, അപ്പോളിതാ ഇവള്‍ എന്നെകടത്തിവെട്ടി അഞ്ച് ദിവസം മുന്‍പേ ഭൂമിയിലേയ്ക്ക് ടിക്കറ്റെടുത്തു. അമ്മയും കുട്ടിയും സുഖമായിരിയ്ക്കുന്നു. വിവരം ബന്ധുക്കളേയും മറ്റും അറിയിച്ചു, എന്നിട്ടും എന്തോ ഒരു പോരായ്മ. വേഗം വീട്ടിലെത്തി ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളേക്കൂടികാണിയ്ക്കുന്നു. ഇനി എനിയ്ക്ക് സമാധാനമായി വീണ്ടും ആശുപത്രിയിലേക്ക് പോകാം :)

Thursday, June 21, 2007

നിറക്കൂട്ട്



(വലുതാക്കി കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

Friday, May 25, 2007

ചുഴലിബാധ...

ഇടയ്ക്കിടെ മഴപെയ്യുന്ന ഉഷ്ണമേഖലാകാലാവസ്ഥയാണ്‌ സിംഗപ്പൂരിലേത്. അതിശക്തമായ ഇടിയും മഴയും ഇവിടെ പതിവു കാഴചകള്‍. എന്നാല്‍ ഇതിനു മുന്‍പൊന്നും കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയാണ്‌ പ്രകൃതി ഇന്ന് ഇവിടെ ഒരുക്കിയത്. ഊഴം കാത്തുകിടക്കുന്ന കപ്പലുകളുടെഇടയിലൂടെ കടലിനോടുകുശലം പറയാന്‍ മുഖം താഴ്തി ഒരു മേഘച്ചുരുള്‍...
സംശയിക്കണ്ട ടൊര്‍ണാഡൊ (ചുഴലിക്കാറ്റ്) തന്നെ... വെള്ളത്തിനുമുകളില്‍ കാണുന്നതിനാല്‍ ഈ ടൊര്‍ണാഡൊകള്‍ക്ക് വാട്ടര്‍സ്പ്രൗട് എന്ന്‌ പറയും. കരയിലാണെങ്കില്‍ പൊടിപടലങ്ങളും കടലിലാണെങ്കില്‍ വെള്ളവും ഇതിന്റെ താഴ്ഭാഗത്തായി കറങ്ങിക്കൊണ്ടിരിയ്ക്കും.

വലതുവശത്തായി ഇത്തിരിവട്ടത്തില്‍ പെയ്തുകൊണ്ടിരിക്കുന്ന മഴയും കാണാം...

കാമറ കടപ്പാട്: ചിന്നമ്മാള്‍ ദൊരൈസാമി
ഇറങ്ങിവന്ന ഇരുണ്ട മേഘച്ചുരുള്‍ ഏകദേശം അരമണിക്കൂറിനുശേഷം പതിയെ മുകളിലേയ്ക്ക്... കാഴ്ചക്കാര്‍ തിരിച്ച് ജോലിയ്ക്കും...
അകലെനിന്ന് കാണാനെന്ത്‌രസം! അല്ലേ?

Thursday, May 10, 2007

കിടയ്ക്കവിരികളിലെ സൃഷ്ടിപരത | ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌- 4

പൊരിവെയിലില്‍ നടന്ന് ചരിത്രവും ഭൂമിശാസ്ത്രവും കണ്ട് നേരമിരുട്ടുമ്പോഴേയ്ക്കും, തണുത്ത വെള്ളത്തിലൊന്നു കുളിച്ച് എവിടെയെങ്കിലും കിടന്നാല്‍ മതി എന്ന അവസ്ഥയിലാവും നമ്മള്‍. അങ്ങിനെ ചെല്ലുമ്പോഴാണ് റൂമില്‍ കിടയ്ക്കവിരികളും ബാത്ടവലുകളും കൊണ്ട് ആരോ വളരെ മനോഹരങ്ങളായ ഓരോ കലാസൃഷ്ടികളുണ്ടാക്കി വെച്ചിരിയ്ക്കുന്നത് കാണുക.
അപ്പോള്‍ ആ ക്ഷീണമൊക്കെ മറന്ന് ഇത് എങ്ങിനെയുണ്ടാക്കി എന്നും ആര് ഉണ്ടാക്കി എന്നുമൊക്കെ ആലോചിച്ച് കുറേനേരം അവ നോക്കിയിരിയ്ക്കും. പിന്നെ മനസ്സില്ലാ മനസ്സോടെ അതില്‍ നിന്ന് ടവല്‍ എടുത്ത് കുളിയ്ക്കാന്‍ പോകും.
ഏതായാലും നമ്മളായിട്ട് ഇത് നശിപ്പിയ്ക്കണം എന്നാല്‍ പിന്നെ ഫോട്ടൊ ഒക്കെ എടുത്ത് ആഘോഷമായിട്ടാവാം എന്ന് ബാമിയാന്‍ ബുദ്ധനെ തകര്‍ത്ത താലിബാന്‍ സ്റ്റൈലില്‍ ചിന്തിച്ച് എടുത്ത ഫോട്ടോകള്‍ ‍കഴിഞ്ഞ രണ്ടുമൂന്നു പോസ്റ്റുകളിലായി പഴമ്പുരാണം കണ്ടും കേട്ടും മടുത്ത നിങ്ങള്‍ക്കായി ഇതാ...
അരയന്നങ്ങളുടെ വീട്...

വല്ലഭനു ബെഡ്ഷീറ്റും ടിഷ്യുവും കണ്ണടയുമൊക്കെ തന്നെ ധാരാളം

ഒരു പുഷ്പം മാത്രമെന്‍...

റിമോട്ട് എടുക്കാന്‍ ധൈര്യമുണ്ടോ?
സമര്‍പ്പണം: എക്സ്ട്രാ മൈല്‍ എന്നാല്‍ നേര്യമംഗലത്ത് നിന്ന്‌ മൂന്നാറ് ബസ് പിടിച്ച് പോകേണ്ട ഒരു സ്ഥലമല്ലെന്നും, നമുക്കു വലിയ ചിലവില്ലാതെ മറ്റുള്ളവരുടെ മനം നിറയ്ക്കുന്ന ഏര്‍പ്പാടാണെന്നും കാണിച്ചു തന്ന നൈല്‍ ക്രൂസ് ഷിപ്പിലെ കലാകാരന്‍ & റൂം-ബോയ് അബുവിന്.

Tuesday, April 24, 2007

ക്ഷേത്രങ്ങള്‍ | ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌- 3

ഫറോവമാരെല്ലാം പുരുഷന്മാരണെന്നു കരുതല്ലേ... ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യ സ്ത്രീ ഭരണാധികാരി, അപ്പര്‍/ലോവര്‍ ഈജിപ്റ്റുകളെ ഒരു സാമ്രാജ്യത്തിന്‍ കീഴില്‍ ഭരിയ്ക്കാന്‍ കഴിവുണ്ടായിരുന്ന രണ്ടേരണ്ടു സ്ത്രീകളില്‍ ആദ്യത്തെയാള്‍, ഫറോവമാര്‍ക്കവശ്യം വേണ്ട താടിയും വശങ്ങളിലേയ്ക്കിറങ്ങിക്കിടക്കുന്നചുരുള്‍മുടിമില്ലാതിരുന്നിട്ടും വെപ്പു താടിയും മുടിയും വെച്ച്‌ പടം വരപ്പിച്ച് പ്രജകള്‍ക്കിടയില്‍ പ്രചരിപ്പിച്ചവള്‍, തന്റെ മകളെ അനന്തരാവകാശിയായി അതേ രീതിയില്‍ വളര്‍ത്തിയെടുത്തവള്‍ - അവള്‍, ഹാറ്റ്ഷിപ്സുട്! ബുദ്ധിമുട്ടണ്ട ഹാറ്റ്-ഷിപ്പ്-സ്യൂട് ഇത്രേം ഒരുമിച്ച് പറഞ്ഞാലും മതി. തുത്‌മോസ് രണ്ടാമന്റെ ഭാര്യയായിരുന്നു അവര്‍. ഭര്‍ത്താവിന്റെ കാലശേഷം ഭാര്യ ഭരിച്ചാല്‍ ആര്‍ക്കെങ്കിലും പുളിക്കുമോ എന്നു ചോദിച്ചുകൊണ്ടാണത്രേ ഹാറ്റ്ഷിപ്സുട് സ്വന്തം പേരില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്




ഹാറ്റ്ഷിപ്സുട്ന് പിരമിഡുകളോട് കമ്പം ലേശം കുറവായിരുന്നു. അതുകൊണ്ട് അവര്‍ അന്ത്യവിശ്രമത്തിനായി പറ്റിയ ഒരു മല കണ്ടു പിടിച്ച് അത് തുരന്ന് ഒരു ക്ഷേത്രം തന്നെ നിര്‍മ്മിച്ചു. ദ്‌ ടെം‌പിള്‍ ഒഫ് ഹാറ്റ്ഷിപ്സുട്.





ശില്‍പ്പമോ ചിത്രമോ ദൈവങ്ങളുടെയാണോ അതോ മരിച്ചുപോയ മനുഷ്യരുടെയാണൊ എന്നറിയാന്‍... മരിച്ചവരുടെ കയ്യുകള്‍ മാറൊടുചേര്‍ത്ത് പിണച്ചു വെച്ചിരിയ്ക്കും, താടിരോമം മുന്‍പിലേയ്ക്ക് വളഞ്ഞിരിയ്ക്കും, കാലുകള്‍ പൊതിഞ്ഞുകെട്ടിയ നിലയിലായിരിയ്ക്കും എന്നാല്‍ ദൈവങ്ങളുടെ കൈയ്യുകള്‍ സ്വതന്ത്രവും ഒരു കൈയില്‍ ‘ആംഖ്’ എന്നു പറയപ്പെടുന്ന ജീവന്റെ താക്കോലും ഉണ്ടായിരിയ്ക്കും.(ഡാവിഞ്ചി കോഡില്‍ കുരിശിന്റെ ഉല്‍പ്പത്തിയില്‍ പറഞ്ഞിരിയ്ക്കുന്ന ആ സാധനം ആണ് ഇത്)

********

ക്ഷേത്രങ്ങളേയും സമുച്ചയങ്ങളേയും പറ്റി പറയുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കാര്‍നാക് ക്ഷേത്രസമുച്ചയം. മുപ്പതു തലമുറകളിലായുള്ള ഫറൊവമാര്‍ ഇതിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ ക്ഷേത്രം അതിന്റെ വലിപ്പത്തിലും സങ്കീര്‍ണ്ണതയിലും വൈവിധ്യത്തിലും മറ്റുള്ളവയെ അപേക്ഷിച്ച് ഏറെ മുന്നില്‍ നില്‍ക്കുന്നു. അതിപുരാതന ആരാധനാലയങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലുത്. ഇതില്‍ കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളികേതു പോലെ പുരോഹിതന്മാര്‍ക്കു മാത്രം പ്രാപ്യമായ ഒരു ഗര്‍ഭഗൃഹവും രാജരക്തമുള്ളവര്‍ക്കും പ്രമുഖര്‍ക്കും മാത്രം കടന്നു പോകാവുന്ന ചില വഴികളും പിന്നെ സാധാരണക്കാര്‍ക്കായി ‘വേണേ തൊഴുത് പോഡേയ്‘ എന്ന് ഹീറൊഗ്ലിഫിക്സില്‍ എഴുതിവെച്ചിട്ടുള്ള ഒരു വഴിയും ഉണ്ടായിരുന്നു.



നടുമുറ്റം. തൂണുകളുടെ മുകള്‍ഭാഗം അപ്പര്‍ ഈജിപ്റ്റിന്റെയും ദേവത ‘നെഫ‌ര്‍തെം’ന്റേയും അടയാളമായ നീലത്താമരയുടെ ആകൃതിയില്‍. നൂറ്റാണ്ടുകളായി വെയിലും മഴയുമേറ്റ് തൂണുകളിലെ നിറമെല്ലാം പോയിരിക്കുന്നു.


കാര്‍നാക് ക്ഷേത്രത്തേയും ലക്സര്‍ ക്ഷേത്രത്തേയും ബന്ധിപ്പിയ്ക്കുന്ന സ്ഫിക്ങ്ക്സ്കളുടെ ഇടനാഴി .


ചുവരുകള്‍ക്കുമുണ്ട് കഥപറയാന്‍...



ഒരു രാത്രി ദൃശ്യം


റൊമില്‍ നിന്ന് ആട്ടിപ്പയിക്കപ്പെട്ട കൃസ്തുവിന്റെ അനുയായികള്‍ക്ക് ആ കാലത്തുള്ള ഒരു ഫറൊവ കാര്‍നാകില്‍ അഭയം കൊടുത്തു. അവര്‍ കാര്‍നാക് സമുച്ചയത്തിലെ ഫിലെയുടെ ക്ഷേത്രത്തിലെ ഒരു തൂണില്‍ കൊത്തിവെച്ച കുരിശ്. ഈജിപ്റ്റിലും ഗ്രീസിലും കാണുന്ന കോപ്റ്റിക് കൃസ്താനികള്‍ക്ക് ഇപ്പോളും ഇതു തന്നെ കുരിശ്...

Friday, April 20, 2007

പിരമിഡുകള്‍ | ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌-2

ഗിസായിലെ പിരമിഡ് . യേശുവിന് 2750 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖുഫു് എന്ന ഫറൊവ പണിയിച്ച സ്വന്തം ശവകുടിരം. ഏറ്റവുമധികകാലം ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വാസ്തുശില്‍പ്പമായി നിലകൊണ്ടു.

ഇപ്പോളും ഭീമാകാരന്മാരുടെ കാരണവരായി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളില്‍ അവശേഷിയ്ക്കുന്ന ഒന്നേയൊന്ന്.
പുരാതന ഈജിപ്ഷ്യന്മാര്‍ ജീവിയ്ക്കുമ്പോള്‍ തന്നെ തന്റെ മരണാ‍നന്തര ജീവിതത്തിനുള്ളതെല്ലാം സ്വരുക്കൂട്ടിയിരുന്നു. അവരുടെ വിശ്വാസത്തില്‍ ഭൂമിയിലെ ജീവിതം ക്ഷണികവും മരണാനന്തരമുള്ള ജീവിതം
അനശ്വരവുമായിരുന്നു.




ഒരു സമീപ ദൃശ്യം. പിരമിഡിന്റെ നടുവിലായി കാണുന്നത് ഉള്ളറകളിലേയ്ക്കുള്ള കവാടം


മൂന്നു പിരമിഡുകളുമുള്ള ഈ വിദൂര ദൃശ്യം കാണുവാനായി ഏതാനും കിലോമിറ്ററുകള്‍ ഗാസാ പീഠഭൂമിയിലൂടെ സഞ്ചരിയ്ക്കണം. പിരമിഡുകള്‍ക്കു പിന്നിലായി കൈറൊ നഗരം.



ദീര്‍ഘ ചതുരാകൃതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും കരിങ്കല്ലുകളുമാണ് ഈ പിരമിഡുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിയ്ക്കുന്നത്. എണ്‍പത് ടണ്ണോളം വരുന്ന കരിങ്കല്ലുകള്‍ വരെ‍ ഈ കൂട്ടത്തിലുണ്ട്.
നൈല്‍ തെക്കു നിന്ന് വടക്കോട്ടൊഴുകുന്നതിനാല്‍ ഈജിപ്റ്റിന്റെ തെക്കുഭാഗത്തിന് അപ്പര്‍ ഈജിപ്റ്റ് എന്നും വടക്കുഭാഗത്തിന് ലോവര്‍‌ ഈജിപ്റ്റ് എന്നും പറയും. (ഭൂപടത്തില്‍ നോക്കുമ്പോള്‍ ഇത് ആശയക്കുഴപ്പത്തിന്
കാരണമായേക്കാം.) പിരമിഡ് നിര്‍മ്മാണത്തിനുള്ള കരിങ്കല്ലുകള്‍, അപ്പര്‍ ഈജിപ്റ്റില്‍ - കൈറൊയില്‍ നിന്ന് 800 കി.മീ അകലെയുള്ള - അസ്‌വാനില്‍നിന്നാനത്രേ കൊണ്ടുവന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകള്‍ കൊണ്ടുവന്നത് ഏതായാലും പതിനാറു ചക്രമുള്ള പാണ്ടിലോറിയിലാവില്ല, അതിന് ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരുന്നിരിയ്ക്കണം സഹായിച്ചത്.


സ്ഫിങ്ക്സ് . പണ്ട് ചരിത്രപാഠപുസ്തകത്തില്‍ കണ്ടു പരിചയിച്ച മുഖം. ഒറ്റക്കല്ലില്‍ തീര്‍ത്ത മനുഷ്യമുഖവും സിംഹത്തിന്റെ ഉടലുമുള്ള ഈ രൂപത്തിന് സ്ഫിങ്ക്സ് എന്ന പേരു കിട്ടിയത് ഗ്രീക്കില്‍ നിന്നാണ്. ഇതിന്റെ പുരാതന ഈജിപ്ഷ്യന്‍ പേര് ആര്‍ക്കുമറിയില്ല. 'ഖുഫ്'ന്റേയും അദ്ദേഹത്തിന്റെ പിന്‍‌ഗാമിയായ 'കഫ്ര'യുടെയും പിന്നീട് വന്ന 'മെന്‍‌കൗറെ'യുടേയും പിരമിഡുകളും അവരുടെയൊക്കെ രാജ്ഞിമാരുടെ കൊച്ചു പിരമിഡുകളും പിന്നെ രാജാവിനു മരണാനന്തരം ഭരണം നടത്താന്‍ പരലോകത്തേയ്ക്ക് കൂടെകൊണ്ടുപോയെക്കാം എന്നു തോന്നിയ പണ്ഡിതന്മാരുടേയും പരിചാരകരുടെയും കല്ലറകളും മൃതദേഹത്തിനെ മമ്മിയാക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ക്കായി തീര്‍ത്ത പല മണ്ഡപങ്ങളും മറ്റുമടങ്ങിയ ക്ഷേത്രസമുച്ചയത്തിന്റെ ഒരു അറ്റത്ത് കഫ്രയുടെ പിരമിഡിനു് നേരെയായി മൂക്കുപോയെങ്കിലും മുഖമുയര്‍ത്തി സ്ഫിങ്ക്സ് നില്‍ക്കുന്നു.
ഈജിപ്റ്റ് ഗവര്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ ഈജിപ്റ്റോളജിസ്റ്റുകളും മറ്റുവിദഗ്ധരുമടങ്ങിയ
ഒരു ക്ഷേത്രപുനരുദ്ധാരണകമ്മിറ്റി അനവരതം ഇതിന്റെ സം‌രക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

Saturday, April 07, 2007

ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌.

ഈജിപ്റ്റ്‌ എന്നാല്‍ നമുക്ക്‌ മനസ്സിലേയ്ക്ക് ആദ്യമെത്തുക ഫറോവമാരുടെയും പിരമിഡിന്റേയും മറ്റും ചിത്രങ്ങളാണ്‌. എന്നാല്‍ ആ പിരമിഡുകള്‍ക്കും ഫറോവമാര്‍ക്കും - പൊതുവേ വടക്കുകിഴക്കേ ആഫ്രികയിലെ ജനവാസത്തിനും അവരുടെ ഒരുപിടി സംസ്കാരങ്ങള്‍ക്കും പൊട്ടിമുളയ്ക്കാനാവശ്യമായ വെള്ളവും എക്കല്‍മണ്ണും നല്‍കിയ, ഇന്നും നിലനില്‍പ്പിനായി അവയെല്ലാം നല്‍കിക്കൊണ്ടിരിയ്ക്കുന്ന നൈല്‍ നദിയുടെ ചിത്രങ്ങള്‍ കൊണ്ടാവട്ടേ ഈ ഓര്‍മ്മകുറിപ്പുകളുടെ തുടക്കം.
തെക്ക്‌ ബുറുണ്ടിയിലും ഉഗാണ്ടയിലും കെനിയയിലുമായി പരന്നുകിടക്കുന്ന ചെയ്യുന്ന വിക്ടോറിയാതടാകത്തില്‍ നിന്നുല്‍‍ഭവിയ്ക്കുന്ന വെള്ള നൈലും എതിയോപിയയില്‍നിന്നുല്‍ഭവിയ്ക്കുന്ന നീല നൈലും സുഡാന്‍ന്റെ തലസ്ഥാനമായ ഖാര്‍തൂമില്‍ സന്ധിയ്ക്കുന്നു. അവിടെ നിന്ന് ഒരുമിച്ചൊഴുകി ഈജിപ്റ്റില്‍ അസ്‌വാന്‍, കെയ്‌റോ എന്നീ നഗരങ്ങളിലൂടെ വടക്കേയറ്റമായ അലക്സാണ്ഡ്രിയയിലെത്തി മെഡിറ്ററേനിയന്‍ കടലില്‍ ചേരുന്നു. പോകുന്നവഴികളിലുള്ളവര്‍ക്ക്‌ ജീവജലവും ചിലപ്പോഴൊക്കെ പ്രളയവും സമ്മാനിയ്ക്കുന്നു.


നൈലോരം: നദിയുടെ ഇരുകരകളിലുമായി കുറച്ചു ദൂരം മാത്രമേ പച്ചപ്പ്‌ കാണുവാന്‍ കഴിയൂ. പുറകില്‍ ഉയര്‍ന്നു കാണുന്ന കുന്ന് നൈലില്‍നിന്നകലെയുള്ള ഊഷരഭൂമിയുടെ പ്രതീകം



മെംഫിസ്‌ എന്ന ചെറുപട്ടണത്തില്‍ യാത്രക്കാര്‍ക്കായി കാത്തുകിടക്കുന്ന ക്രൂസ്‌ ഷിപ്പുകളും ഫലൂക്ക എന്ന പായ്‌വഞ്ചികളും (ഫലൂക്കയെക്കുറിച്ച്‌ മറ്റൊരുപോസ്റ്റില്‍)


ചെറുതോണിയില്‍ മീന്‍പിടിയ്ക്കുന്ന നാട്ടുകാര്‍, പുറകിലായി കരിമ്പുപാടം.



ഈത്തപ്പനകള്‍ക്കു പകരം തെങ്ങായിരുന്നെങ്കില്‍ നമുക്കു വളരെ പരിചയം തോന്നിയേക്കാവുന്ന ഒരു ദൃശ്യം.

പേരറിയാത്ത ഏതോ ഗ്രാമത്തിനു പിന്നില്‍ അസ്തമിയ്ക്കുന്ന സൂര്യന്‍.


Tuesday, January 02, 2007

നോ മണി, നോ ഹണി.


'എ.ടി.എം'ല്‍ ഉപേക്ഷിക്കപ്പെട്ട റോസാ പൂക്കള്‍ പോലെ എന്ന്‌ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... ഇതിനെ കുറിച്ചാണോ ശ്രീ ശ്രീ മാര്‍ക്സ്‌ ഗുരു തന്റെ പരിശുദ്ധ ഗ്രന്ധമായ മൂലധനത്തില്‍ "മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ഥമൊഴികെ, പച്ചയായ രൂപ പൈസ കണക്കുകളൊഴികെ മറ്റൊന്നും തന്നെ മുതലാളിത്തം ബാക്കി വെച്ചില്ല..." എന്നു പരാതിപ്പെട്ടത്‌? എന്തായിരുന്നലും ഒന്നു വ്യക്തം, ഇതു കൊടുക്കേണ്ടയാളോ വാങ്ങേണ്ടയാളോ ഒരുവട്ടമെങ്കിലും കാല്‍പ്പനികത ചുട്ടു ചപ്പാത്തിയുണ്ടാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്‌...


അരണ്ട വെളിച്ചത്തില്‍ കാമറ ഫോണിലെടുത്തതിനാലാവണം ധാരാളം നോയ്‌സ്‌ ഉണ്ട്‌. ക്ഷമിക്കുക. വെറുതെ ക്ഷമിക്കണ്ട, എ.ടി.എം ല്‍ പൈസയെടുക്കാറായാല്‍ സെറ്റില്‍ ചെയ്യാം... Posted by Picasa

Monday, December 25, 2006

അപരിചിതരില്ലാത്ത ലോകം.


ഇതുവരെ കണ്ടിരിയ്ക്കാന്‍ ഇടയില്ലാത്ത ഒരു തീവണ്ടി നിറയെ ആളുകളെ നിറഞ്ഞ സന്തോഷത്തോടെ കൈവീശിക്കാണിക്കാന്‍ കഴിയുന്ന ബാല്യത്തിന്റെ ഹൃദയ വിശാലത ഒരിയ്ക്കലും നഷ്ടപ്പെടാതെയിരിയ്ക്കട്ടെ, അപരിചതരില്ലാത്ത ഒരു ലോകമുണ്ടാകട്ടെ.

എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും നവവത്സരാശംസകള്‍!

Saturday, October 21, 2006

പട്ടിയും റൊട്ടിയും അഥവാ മായാവാദം

മായാവാദം പറയുന്നതെന്തെന്നാല്‍; എല്ലാം മായയാണ്‌ മോനേ ദിനേശാ...

പട്ടിയും റൊട്ടിയും ചിത്രകാരന്‍ വെള്ളകാന്‍വാസ്‌ കാണിച്ചു പറയുന്നതെന്തെന്നാല്‍; പട്ടി റൊട്ടിതിന്നു, റൊട്ടി തിന്നാല്‍ പട്ടിയ്ക്ക്‌ പിന്നിവിടെന്ത്‌ കാര്യം പട്ടി പോയി അതുകോണ്ട്‌ വെള്ള കാന്‍വാസ്‌ മാത്രം ബാക്കി...

പുരാതന ചൈനീസ്‌ ബുദ്ധധര്‍മ്മ കടലാസു ചുരുള്‍, കാലിഗ്രാഫിയ്ക്കിടക്ക്‌ ഒരു വട്ടം വരച്ചു പറയുന്നതെന്തെന്നാല്‍; കാളയും മനുഷ്യനും രണ്ടും പോയി അതിനാല്‍ ഈ വട്ടം മാത്രം ബാക്കി...

തെന്നാലിരാമന്‍ പറയുന്നതെന്തെന്നാല്‍; മായവാദക്കാരന്‍ ഊണുകഴിക്കുന്നതായി സങ്കല്‍പ്പിച്ചോട്ടെ, നമുക്കു പോയി വയര്‍നിറയെ കഴിയ്ക്കാം.

ഇത്രയൊന്നും ആലോചിച്ച്‌ തലപുണ്ണാക്കന്‍ സമയമില്ലാത്ത അന്നത്തെ അന്നത്തിനായി അദ്ധ്വാനിക്കുന്നവന്‍ പറയുന്നു ഇതു വരെ അറിഞ്ഞിടത്തോളം പരമമായ സത്യം വിശപ്പാണ്‌

താങ്കളെന്തു പറയുന്നു?

Posted by Picasa

Sunday, October 15, 2006

പക്ഷിക്കുഞ്ഞിന്റെ ഹൈക്കു

പാറച്ചെരുവിലെ കുഞ്ഞിപ്പൊത്ത്,
വളരാനുള്ള വിശപ്പ്,
ഇരപിടിയന്മാരുടെ ലോകം.
-പക്ഷിക്കുഞ്ഞിന്റെ
ഹൈക്കു.

Posted by Picasa

Tuesday, October 03, 2006

നഗരം പ്രാവിന്‍ കണ്ണുകളിലൂടെ...

കാടും മലകളും വിട്ട്‌ നഗരങ്ങളില്‍ കുടിയേറിപാര്‍ത്തവര്‍,
തീവണ്ടിയാപ്പീസുകള്‍ക്കും വ്യാപാര സമുച്ചയങ്ങള്‍ക്കും മുകളില്‍ കൂടുകൂട്ടുന്നവര്‍,
ആരെറിഞ്ഞ ധാന്യമണികളും കൊത്തിവിഴുങ്ങുന്നവര്‍,
മഹാന്മാരുടെ പ്രതിമകള്‍ക്കു മുകളിള്‍ കാഷ്ഠിക്കുന്നവര്‍,
നടപ്പാതകളില്‍ സമ്മേളനം നടത്തുന്നവര്‍,
ഏതു കാലാവസ്ഥയോടും ഇണങ്ങുന്നവര്‍,
മടുപ്പിയ്ക്കുന്ന കെട്ടിടങ്ങളുടേയും അവയ്ക്കുള്ളില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങളുടേയും ഇടയില്‍ കഴിഞ്ഞ്‌ അവയുടെ നരച്ച നിറം സ്വീകരിച്ചവര്‍,
മനുഷ്യരാല്‍ സമാധാനമാരോപിയ്ക്കപ്പെട്ടവര്‍,
കാടുകളിലേയ്ക്ക്‌ തിരിച്ചുപോകന്‍ നീലാകാശം തുറന്നിരുന്നിട്ടും തിരിച്ചുപോക്കിനെ പറ്റി ചിന്തിയ്ക്കാത്തവര്‍,
അവരുടെ കാടാണോ നമ്മുടെ നഗരങ്ങള്‍?
നഗരങ്ങളും പ്രാവുകളും തമ്മിലെന്താണു്‌ ബന്ധം?

ചുവന്നുകലങ്ങിയ കണ്ണുകള്‍കൊണ്ട്‌ താഴെ ചിരപരിചിതമായ നഗരത്തിനേയും മുകളില്‍ നീലാകാശത്തിനേയും നോക്കി അവരിലൊരാള്‍ ഇതാ...



സ്ഥലം: എമ്പയര്‍സ്റ്റേറ്റ്‌ ബില്‍ഡിംഗ്‌, ന്യൂയോര്‍ക്‌

 Posted by Picasa

Thursday, September 28, 2006

ജനാധിപത്യം? - ഒരു അനുബന്ധം.

സമകാലികത്തില്‍ കണ്ണൂസ്‌ എഴുതിയ ജനാധിപത്യം എന്ന കുറിപ്പിന്‌ ഒരു അനുബന്ധം.
ഗ്രൌണ്ട്‌ സീറോയ്ക്ക്‌ മുന്‍പിലാണിവരീ ബാനറുമായി നില്‍ക്കുന്നത്‌.
ഞാനിതിന്റെ ചിത്രമെടുക്കുന്നതുകണ്ടിട്ട്‌ ഇവരുടെ കൂട്ടത്തില്‍ ലഖുലേഖവിതരണം ചെയ്യുന്ന ഒരാള്‍ എന്നോട്‌ അവരീ ചെയ്യുന്നതെന്തിനെന്നു വിശദീകരിച്ചുതന്നൂ.
Fahrenheit 911ഇല്‍ പറഞ്ഞവ തന്നെ...


സ്ഥലം: ഗ്രൌണ്ട്‌ സീറൊ, ന്യൂയോര്‍ക്ക്‌

Posted by Picasa

Tuesday, September 26, 2006

കാരുണ്യം - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌.

അടുത്തയിടെ ഒരു സാംസ്കാരികസംഘടനയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ എത്തിയ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ രോഗബാധിതനായതിനെ തുടര്‍ന്ന്‌ ഇവിടെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമായപ്പോള്‍ തന്നെ സഹായിച്ചവര്‍ക്കു സമര്‍പ്പണമായി എഴുതിയ കവിതയാണ്‌ ഇത്‌. കവി സ്വന്തം കൈപ്പടയിലെഴുതിയത്‌...

























വലുതായി കാണുവാന്‍ ചിത്രങ്ങളില്‍ ക്ലിക്‌ ചെയ്യുക

Monday, September 25, 2006

ഏഴുനിലയുള്ള കൊട്ടാരം

പണ്ടു പണ്ട്‌ വളരെ സുന്ദരനും ധീരവീരപരാക്രമിയുമായ ഒരു രാജകുമാരനുണ്ടായിരുന്നു.

ഏഴുകടലുകള്‍ക്കപ്പുറത്ത്‌ ഏഴുനിലകളുള്ള ഒരു കൊട്ടാരത്തില്‍ ആയിരുന്നു രാജകുമാരന്‍ താമസിച്ചിരുന്നത്‌. അദേഹത്തിന്‌ ദൂരദിക്കുകളില്‍ നിന്നുപോലും കപ്പം കിട്ടിക്കൊണ്ടിരുന്നു. ഏഴു കടലുകള്‍ക്കപ്പുറത്തുനിന്നും മുത്തും പവിഴവും നിറച്ച കപ്പലുകള്‍ കൊട്ടാരത്തിലെക്ക്‌ ദിനം പ്രതി വന്നുകൊണ്ടിരുന്നു...



Wednesday, September 20, 2006

വക്കാരിയുടെ നാട്ടില്‍ - 2

ഷിബുയാ: ട്രാഫിക്‌ ലൈറ്റുകളില്‍ കാല്‍നടകാര്‍ക്കു്‌ പച്ചതെളിഞ്ഞാല്‍ പിന്നെ ഒരു മനുഷ്യമഹാപ്രവാഹമാണവിടെ നടക്കുക. നാലുദിക്കില്‍ നിന്നുമായി നൂറുകണക്കിനു ആളുകള്‍ വഴി മുറിച്ചു കടക്കുന്നതു കാണാം. ലോകത്തിലെ എറ്റവും ആള്‍തിരക്കേറിയ ക്രോസ്സിംഗ്‌ ആണത്രേ ഷിബുയായിലേത്‌. ഇതിനു സമാനം ഡിസ്കവറി ചാനലില്‍ കണ്ടിട്ടുള്ള ആഫ്രിക്കന്‍ സാവന്നായിലെ മൃഗങ്ങളുടെ വാര്‍ഷീക കുടിയേറ്റം മാത്രം...

വൈകീട്ട്‌ ആറിനോടടുത്താണ്‌ ഈ ചിത്രമെടുതിരിക്കുന്നത്‌. ഇതിലെങ്ങാനും ഒരാള്‍ സൈക്കിള്‍ ഓടിച്ചു പോകുന്നതുകണ്ടാല്‍ ഉറപ്പിച്ചോളൂ...




സ്ഥലം: ഷിബുയ, ടൊക്യൊ, ജപ്പാന്‍.

 Posted by Picasa

Thursday, September 14, 2006

പച്ചക്കുതിര/പച്ചപയ്യ്‌/പച്ചത്ത/പച്ചപ്രാണി


ആറു മണിക്കൂറുകള്‍ നീണ്ട മലകയറ്റത്തിനു ശേഷം ആദ്യം ഉച്ചിയില്‍ എത്തി എന്നു സന്തോഷിച്ചിരിക്കുമ്പോളാണ്‌ ഈ വിദ്വാനെ അവിടെ കണ്ടത്‌. ഏതു സ്പോര്‍ട്‌സ്‌ വാഹനങ്ങളൊടും കിടപിടിക്കത്തക്ക ഏയ്‌റോ ഡൈനാമിക്‌ ഡിസൈനും പച്ച നിറത്തിലുള്ള കൈകാലുകളില്‍ ട്രെന്റി പച്ച കുത്തലുകളും ഒക്കെയായി അടുത്തതായി ഏതു മലയിലേക്കു ചാടണം എന്നു ആലോചിച്ചു ഇരിക്കുകയാണ്‌ ഇയാള്‍.

ആദ്യ ചിത്രം ഇരിപ്പിന്റെ പശ്ചാത്തലമുള്‍പ്പെടുത്തി, അടുത്ത ചാട്ടത്തിന്റെ സാധ്യതകളിലേക്ക്‌...
രണ്ടാമത്തേത്‌ പച്ചകുത്തലുകള്‍ക്കായി





സ്ഥലം: മൌണ്ട്‌ ഓഫിര്‍, റ്റിറ്റിവാങ്ങ്‌സാ പര്‍വ്വതനിരകള്‍, മലേഷ്യ.

ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ കുറച്ചുകൂടി വലുതായി കാണാം.

Posted by Picasa

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP